സൈനബയുടെ അക്കൗണ്ടില്‍ പണമെത്തി; ചെയ്യാന്‍ സാധിക്കുന്നതേ പറയാറുള്ളുവെന്ന് മന്ത്രി

റിപ്പോര്‍ട്ടറിൻ്റെ ഇടപെടലില്‍ സൈനബയുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ദിവസം പണമെത്തി. തന്നെ പോലെയുള്ളവരുടെ വിഷമങ്ങള്‍ തീര്‍ക്കാനും ഇനിയും നിങ്ങള്‍ക്ക് സാധിക്കട്ടെയെന്നും സൈനബ ഉമ്മ കൂട്ടിച്ചേര്‍ത്തു

കല്‍പ്പറ്റ: നാലുമാസമായി മുടങ്ങിയ വീട്ടുവാടക കൈയ്യിലെത്തിയതിന്റെ സന്തോഷം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ മന്ത്രിയുമായി പങ്കുവെച്ച് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത സൈനബ. വീട്ടുവാടക മുടങ്ങിയതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു സൈനബ. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടി വി ഇടപെടലില്‍ സൈനബയുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ദിവസം പണമെത്തി.

മൂന്ന് മാസത്തെ വീട്ടുവാടകയായ 21,000 രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. തുടര്‍ന്ന് സൈനബ റവന്യൂ മന്ത്രിയോട് നന്ദി അറിയിച്ചു.

'അക്കൗണ്ടില്‍ പൈസ വന്നു. സന്തോഷമായി. 21,000 രൂപയാണ് അക്കൗണ്ടിലെത്തിയത്. ഒത്തിരി സന്തോഷം', സൈബന പറഞ്ഞു.

റിപ്പോര്‍ട്ടറിലെ ചര്‍ച്ച കഴിഞ്ഞയുടന്‍ കളക്ടറേയും വൈത്തിരി തഹസില്‍ദാറേയും ബന്ധപ്പെട്ടിരുന്നുവെന്നും ചെയ്യാന്‍ സാധിക്കുന്ന വാക്കുകളേ ആളുകള്‍ക്ക് നല്‍കാറുള്ളൂവെന്നും മന്ത്രി കെ രാജനും പ്രതികരിച്ചു.

Also Read:

Kerala
വന്ന വഴി മറക്കരുത്; 'കുറച്ചുസിനിമയും കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം'; നടിക്കെതിരെ വി ശിവന്‍കുട്ടി

'ചര്‍ച്ച കഴിഞ്ഞയുടന്‍ കളക്ടറേയും വൈത്തിരി തഹസില്‍ദാറേയും ബന്ധപ്പെട്ടിരുന്നു. അവര്‍ നേരിട്ട് സൈനബ ഉമ്മയെ വിളിക്കുകയും അന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് തന്നെ ട്രഷറിയിലേക്ക് പണം വരുന്ന തരത്തില്‍ ചെക്ക് കൈമാറി. തൊട്ടടുത്ത ദിവസം അക്കൗണ്ടില്‍ പണമെത്തി. അക്കൗണ്ടില്‍ പണമെത്തിയാല്‍ സന്തോഷമാവും എന്നാണ് സൈനബ ഉമ്മ അന്ന് പറഞ്ഞത്. കിലുക്കത്തില്‍ കിട്ടുണ്ണി ചേട്ടന് ലോട്ടറി അടിച്ചപ്പോള്‍ ഇങ്ങനെ പലതും കണ്ടിട്ടുണ്ടെന്ന് പറയുന്നത് പോലെ ഉമ്മ വിചാരിച്ച് കാണും. അതകൊണ്ടാവും അങ്ങനെ പ്രതികരിച്ചത്. ചെയ്യാവുന്നതേ പറയാറുള്ളൂ' എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്നെ പോലെയുള്ളവരുടെ വിഷമങ്ങള്‍ തീര്‍ക്കാനും ഇനിയും നിങ്ങള്‍ക്ക് സാധിക്കട്ടെയെന്നും സൈനബ ഉമ്മ കൂട്ടിച്ചേര്‍ത്തു.

Content Highlights: Sainaba gets rent Money Minister K Rajan Reaction

To advertise here,contact us