'മോദിക്കും പിണറായി വിജയനും അഭിനന്ദനം, ഇന്ത്യ എന്നും മനോഹരമായിരിക്കട്ടെ'; യാക്കോബായ സഭാ തലവൻ മടങ്ങുന്നു

മടക്കയാത്രയ്ക്ക് മുന്നേ, തന്നെ മികച്ച രീതിയിൽ സ്വീകരിച്ച കേരളത്തോട് ബാവാ നന്ദി പറഞ്ഞു

കൊച്ചി: കേരള സന്ദർശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മടങ്ങുന്നു. സിറിയയിൽ ആഭ്യന്തര കലാപം നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ അങ്ങോട്ടാണ് ബാവായുടെ മടക്കം.

മടക്കയാത്രയ്ക്ക് മുന്നേ, തന്നെ മികച്ച രീതിയിൽ സ്വീകരിച്ച കേരളത്തോട് ബാവ നന്ദി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സ്നേഹം നിറഞ്ഞവരാണെന്നും എല്ലാ ജനവിഭാഗങ്ങളിൽ നിന്നും തനിക്ക് നല്ല സ്നേഹം ലഭിച്ചെന്നും ബാവാ പറഞ്ഞു. എല്ലാവരെയും മനസ് തുറന്ന് സ്വീകരിക്കുന്ന ഇന്ത്യയുടെ സഹിഷ്ണുതാ മനോഭാവം മികച്ചതാണെന്നും, ഇന്ത്യയിലെ ജനങ്ങൾ സഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ താൻ പ്രാർത്ഥിക്കുന്നുവെന്നും ബാവാ കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങളിലെ പ്രശ്നങ്ങൾ കാണുമ്പോൾ ഇത്രയും വൈവിധ്യങ്ങൾ ഉള്ള ഇന്ത്യ സമാധാനത്തോടെ നിലനിൽക്കുന്നുവെന്നത് ഒരു മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനമെന്നും ബാവാ മടങ്ങും മുൻപേ പറഞ്ഞു.

Also Read:

Kerala
എം കെ രാഘവനെതിരെ കണ്ണൂർ ഡിസിസിയുടെ പടയൊരുക്കം; സുധാകരന് പരാതി നൽകി ജില്ലാ നേതൃത്വം

ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങളോട് സിറിയയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും ബാവാ ആവശ്യപ്പെട്ടു. ക്രിസ്തുമസ്, ന്യൂ ഇയർ ആശംസകൾ കൂടി നേർന്നുകൊണ്ടാണ് ബാവ മടങ്ങിയത്. പത്ത് ദിവസത്തെ സന്ദർശനത്തിനായി പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ഡിസംബർ ഏഴിനാണ് കൊച്ചിയിലെത്തിയത്. ദുബായിൽ നിന്നു എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്. 17നായിരുന്നു ബാവ മടങ്ങേണ്ടിയിരിക്കുന്നത്. എന്നാൽ സിറിയയിലെ പ്രതിസന്ധികൾ മൂലം ബാവ നേരത്തെ മടങ്ങുകയായിരുന്നു.

Content Highlights: Jacobite church head back to syria

To advertise here,contact us