സിദ്ധരാമയ്യ മുഖ്യമന്ത്രിക്ക് കത്തെഴുതേണ്ടി വന്നത് അപമാനകരം; സര്‍ക്കാരിന് ഉദാസീനത: വി ഡി സതീശന്‍

'എത്ര ലാഘവത്തോടെയാണ് കേരള സര്‍ക്കാര്‍ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട'

തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും കര്‍ണാടക സര്‍ക്കാര്‍ അയച്ച കത്തിന് മറുപടി നല്‍കാന്‍ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

'ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത്. എത്ര ലാഘവത്തോടെയാണ് കേരള സര്‍ക്കാര്‍ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സര്‍ക്കാര്‍ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നല്‍കുക. അല്ലെങ്കില്‍ വീടുകള്‍ വാഗ്ദാനം ചെയ്തവര്‍ക്ക് സ്വന്തം നിലയില്‍ സ്ഥലം വാങ്ങി വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കുക', വി ഡി സതീശന്‍ പറഞ്ഞു.

Also Read:

National
ചൂരൽമല-മുണ്ടക്കൈ പുനരധിവാസം; വീടുവെച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരളം പ്രതികരിച്ചില്ലെന്ന് സിദ്ധരാമയ്യ

സര്‍ക്കാരിന്റെ ഉദാസീനത പുനരധിവാസ പ്രവര്‍ത്തനങ്ങളെ പിറകോട്ട് വലിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ വെച്ചു നല്‍കാമെന്ന നിര്‍ദേശത്തോട് കേരള സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് സിദ്ധരാമയ്യ കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

Content Highlights: v d satheesan against government over siddaramaiah Letter

To advertise here,contact us