പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല; പറഞ്ഞതിനെ വളച്ചൊടിച്ചു: ചാണ്ടി ഉമ്മൻ

ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ലെന്നും പറയാനുള്ളത് പാർട്ടിയിൽ പറഞ്ഞു കൊള്ളാമെന്നും ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്നും മനസിൽ പോലും ചിന്തിക്കാത്ത കാര്യത്തെ വളച്ചൊടിച്ചുവെന്നുംചാണ്ടി ഉമ്മൻ എംഎൽഎ. ചോദ്യത്തിന് മറുപടി കൊടുത്തതാണ്. പാർട്ടിക്കെതിരെ പറഞ്ഞതല്ല. ഒരാൾക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാർത്ഥ്യമാണ്. ആർക്കെതിരെയും പറഞ്ഞതല്ല.ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ലെന്നും പറയാനുള്ളത് പാർട്ടിയിൽ പറഞ്ഞു കൊള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ പറയില്ല. ചില സാഹചര്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. പാലക്കാട് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന ചോദ്യം വന്നപ്പോൾ പറഞ്ഞതാണ്. പാർട്ടിക്കപ്പുറം ഒന്നുമില്ല. പറയുന്നതിലെ മറുവശമെടുത്ത് വാർത്ത പ്രചരിപ്പിക്കുകയാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രം​ഗത്ത് വന്നിരുന്നു. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാണിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.

Also Read:

Kerala
ആരും പരാതി പറഞ്ഞതായി കേട്ടില്ല, ചാണ്ടി ഉമ്മൻ സഹോദരതുല്യനായ ആൾ: രാഹുൽ മാങ്കൂട്ടത്തിൽ

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. കെ സുധാകരനെ മാറ്റേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പുനഃസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.

Content Highlights: Chandy oommen said that he did not insult the opposition leader

To advertise here,contact us