ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തുന്നതില്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ നിര്‍ദ്ദേശം.

കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ച് വൈകിട്ട് മൂന്നരയ്ക്കാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്തുന്നതില്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ അഭിഭാഷകര്‍ വിഷയം വീണ്ടും പ്രത്യേക ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചേക്കും.

Also Read:

Kerala
കേരളം ഉറ്റുനോക്കുന്ന ജനവിധി ആർക്കൊപ്പം; 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ കേസെടുത്ത വിവരം വനം വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഇളവ് വരുത്താനാവില്ലെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിലപാട്. സ്വമേധയാ സ്വീകരിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ച് ജഡ്ജിമാര്‍ക്കെതിരെ പൂരപ്രേമി സംഘം ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹര്‍ജികള്‍ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിർദേശത്തിൻ്റെ ലംഘനമാണ് പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്തിൽ നടന്നത്. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകല പരിധി നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Content highlight- The High Court will hear the plea related to the elephants being pulled out during the festivals today

To advertise here,contact us