'ആരും കൂടെ വരണ്ട, സഹോദരൻ കാറിലുണ്ട്'; ആൽവിനെ ഇടിച്ച കാറുകൾ അമിതവേ​ഗത്തിലായിരുന്നുവെന്ന് നാട്ടുകാർ

സംഭവ സ്ഥലത്തേക്ക് ഓടിയെത്തിവരോട് പ്രശ്നമൊന്നുമില്ല ആൽവിൻ കാറിലുണ്ട്, ആരും കൂടെ വരണ്ട എന്ന് പറഞ്ഞതായും നാട്ടുകാർ വെളിപ്പെടുത്തി.

‌കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടയിൽ വാഹനാപകടത്തിൽ മരിച്ച ആൽവിനെ ഇടിച്ച കാറുകൾ അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് പരസ്യം ചിത്രീകരിക്കാനെത്തിയ ആൽവിനെ സ്റ്റേഷന് മുന്നിൽ ഇറക്കിയ ശേഷം കാറുകൾ മുന്നോട്ട് പോയി. ഈ സമയത്ത് റോഡിൻ്റെ മധ്യത്തിൽ വെച്ച് ആൽവിൻ റീൽസിൻ്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഈ സമയത്താണ് അമിത വേ​ഗത്തിലെത്തിയ കാറുകളിൽ ഒന്ന് ആൽവിനെ ഇടിച്ചത്. ആൽവിൻ്റെ നട്ടെല്ലിന് സാരമായ പരിക്കേറ്റിരുന്നു. കാറുകളിൽ ഉണ്ടായിരുന്നവർ ഉടൻ തന്നെ ആൽവിനെ എടുത്ത് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവ സ്ഥലത്തേക്ക് ഓടിയെത്തിവരോട് പ്രശ്നമൊന്നുമില്ല ആൽവിൻ കാറിലുണ്ട്, ആരും കൂടെ വരണ്ട എന്ന് പറഞ്ഞതായും നാട്ടുകാർ വെളിപ്പെടുത്തി. സംഭവസ്ഥലത്ത് സ്ഥിരമായി അപകടകരമായ തരത്തിൽ വാഹനങ്ങൾ ഓടിക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഇതിനിടയിൽ അപകടം നടന്ന കാർ മാറ്റാനായി പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം ഉയർന്നു. ഇടിച്ച കാറുകളുടെ രണ്ടിൻ്റെയും നമ്പറല്ല പൊലീസ് ആദ്യം പറഞ്ഞത് എന്നാണ് ആരോപണം. അതേസമയം കാർ ഓടിച്ചിരുന്ന രണ്ട് ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പരസ്യ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പരസ്യ ചിത്രീകരണത്തിനിടെ കടുത്ത നിയമലംഘനം നടന്നിട്ടുണ്ടെന്നും അപകടത്തിൻ്റെ വ്യാപ്തി പരിശോധിച്ച ശേഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും എംവിഡി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

Also Read:

Kerala
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ വാഹനാപകടമുണ്ടാവുകയായിരുന്നു. ഡിഫന്റര്‍ വണ്ടിക്ക് മുന്നിലേക്ക് ചാടുന്നതും ചെയ്‌സ് ചെയ്യുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. രണ്ട് വര്‍ഷം മുന്‍പ് ആല്‍വിൻറെ കിഡ്‌നിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞതാണ്. മറ്റ് ഭാരമുള്ള ജോലികളൊന്നും ചെയ്യാന്‍ കഴിയില്ല. ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആല്‍വിന്‍ വീഡിയോഗ്രാഫര്‍ ആണ്. ഒറ്റമകനാണെന്നും അയല്‍വാസി പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് ബീച്ച് റോഡില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്.

content highlight- The locals said that the cars that hit Alvin were speeding

To advertise here,contact us