ടി ജെ ജോസഫിന്റെ കൈവെട്ട് കേസ്; മൂന്നാം പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് കോടതി

കേസിലെ ഒന്നാം പ്രതി ഈയിടെയാണ് കീഴടങ്ങിയത്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ട് കേസില്‍ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി എന്‍ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയ മൂന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ടുവീട്ടില്‍ എം കെ നാസറിന്റെ (56) ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. ഒന്‍പത് വര്‍ഷത്തിലേറെയായി ജയിലില്‍ ആണെന്നും അപ്പീല്‍ പരിഗണിക്കാന്‍ സമയമെടുക്കുമെന്നും പരിഗണിച്ചാണ് ജാമ്യം.

കേസിലെ ഒന്നാം പ്രതി ഈയിടെയാണ് കീഴടങ്ങിയത്. ഇയാളുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നതും മൂന്നാം പ്രതിയുടെ അപ്പീല്‍ പരിഗണിക്കുന്നത് നീണ്ടുപോകാന്‍ കാരണമാണ്. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2015 നവംബര്‍ ആറിനാണ് നാസര്‍ കീഴടങ്ങിയത്.

കുറ്റകൃത്യത്തിന്റെ ആസൂത്രണം മുതല്‍ പ്രതികളെ ഒളിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുകയും നടപ്പിലാക്കുകയും ചെയ്തത് എം കെ നാസറാണെന്നാണ് എന്‍ഐഎ കേസ്.

Also Read:

Kerala
2019 മുതല്‍ 2024വരെയുള്ള എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച് കേന്ദ്രം; 132 കോടി രൂപ കേരളം തിരിച്ചടക്കണം

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയത്. ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് കൈവെട്ടിയത്. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്.

Content Highlights: T J Joseph Case third accused Get Bail

To advertise here,contact us