നോക്കുകൂലി നല്‍കിയില്ല, സിഐടിയു പ്രവർത്തകർ ലോറി തടഞ്ഞു; പരാതിയുമായി വനിതാ ഡ്രൈവര്‍

സിഐടിയു ഇടപെട്ട് തന്റെ ജോലി നഷ്ടപ്പെടുത്തിയെന്നും ലക്ഷ്മി ആരോപിക്കുന്നു

കൊച്ചി: നോക്കുകൂലി നല്‍കാത്തതിനെ തുടര്‍ന്ന് കൊച്ചിന്‍ റിഫൈനറിയില്‍ ലോഡ് എടുക്കാനെത്തിയ ലോറി സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. 23 കാരിയായ ലക്ഷ്മി അനന്തയാണ് പരാതിക്കാരി. സിഐടിയു ഇടപെട്ട് തന്റെ ജോലി നഷ്ടപ്പെടുത്തിയെന്നും ലക്ഷ്മി ആരോപിക്കുന്നു. അമ്പലമേട് പൊലീസിലാണ് പരാതി നല്‍കിയത്.

നോക്കുകൂലി നല്‍കികൊണ്ട് ലോഡ് എടുത്തിരുന്ന ലക്ഷ്മി നോക്കുകൂലി നല്‍കില്ലെന്ന് പറഞ്ഞതാണ് സിഐടിയുവിനെ പ്രകോപിപ്പിച്ചത്. പിന്നീട് മറ്റൊരു വാഹനത്തില്‍ മറ്റൊരു ഡ്രൈവറെ ചുമതലപ്പെടുത്തി ഇതേ ബില്ലില്‍ ലോഡ് എടുക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

'മൂന്ന് വര്‍ഷമായി ട്രക്ക് ഓടിക്കുന്നുണ്ട്. ആദ്യം ഹെല്‍പ്പറായിട്ടാണ് തുടങ്ങിയത്. ഒരു വര്‍ഷമായി ഒറ്റയ്ക്ക് പോകുന്നുണ്ട്. കൊച്ചിന്‍ റിഫൈനറിയിലേക്ക് എടിഎഫ് വര്‍ക്കിനാണ് പോയത്. ബില്ല് കൈയ്യില്‍ കിട്ടി. അതിനിടെയാണ് സിഐടിയുവിന്റെ ഹരികുമാര്‍ എന്നയാള്‍ നിങ്ങള്‍ക്ക് ലോഡ് ഇല്ലെന്ന് പറയുന്നത്. അച്ഛന്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ ആണ്. അതുകൊണ്ടായിരിക്കാം ലോഡ് നിഷേധിച്ചത്. അല്ലെങ്കില്‍ സിഐടിയു അംഗത്വം എടുക്കണം', ലക്ഷ്മി പറഞ്ഞു.

Also Read:

National
അല്ലു അർജുൻ ജയിൽ മോചിതനായി

സിഐടിയു പ്രവര്‍ത്തകര്‍ കോണ്‍ട്രാക്ടര്‍മാരെ ഭീഷണിപ്പെടുത്തി തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും ലക്ഷ്മി ആരോപിക്കുന്നു.

അതേസമയം നോക്കുകൂലി വാങ്ങരുതെന്ന് അഭിപ്രായമാണ് തങ്ങള്‍ക്കെന്ന് സിഐടിയു നേതാവ് കെ എന്‍ ഗോപിനാഥ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇക്കാര്യം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കുമെന്നും നോക്കുകൂലി ചോദിച്ചയാളും വാങ്ങിയയാളും സിഐടിയുവില്‍ ഉണ്ടാകില്ലെന്നും കെ എന്‍ ഗോപിനാഥ് വ്യക്തമാക്കി.

Content highlights: Not Paying nokkukooli citu workers block lorry alleges Women Truck driver

To advertise here,contact us