വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; യൂത്ത് കോണ്‍ഗ്രസ് അടൂരില്‍ മാത്രം നിര്‍മ്മിച്ചത് 2000 കാര്‍ഡുകളെന്ന് പൊലീസ്

വികാസ് കൃഷ്ണയെന്ന എഡിറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പിനായി അടൂരില്‍ മാത്രം യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ചത് 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളെന്ന് പൊലീസ്. ഇവ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാര്‍ഡ് നിര്‍മ്മാണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ജെ രഞ്ജുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.

വികാസ് കൃഷ്ണയെന്ന എഡിറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2023 ലെ സംഘടനാ തിരഞ്ഞെടുപ്പിനായി അടൂര്‍ മേഖല കേന്ദ്രീകരിച്ച് മാത്രം നിര്‍മ്മിച്ചത് 2000 വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷനാണ് എം ജെ രഞ്ജു. എം ജെ രഞ്ജുവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗൂഗിള്‍ പേ വഴി പ്രതിദിനം 1,000 രൂപയാണ് വികാസ് കൃഷ്ണയ്ക്ക് നല്‍കിയിരുന്നത്. ഒരു മാസക്കാലം ഈ വിധം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചിട്ടുണ്ട്.

Also Read:

National
ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്‌മൃതി; ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിലേന്തി രാഹുല്‍, ബിജെപിക്ക് പരിഹാസം

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറില്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന ആരോപണം വന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പരാതിയാണ് ഉയര്‍ന്നത്.

Content highlights: Youth Congress Made 2000 Fake identity Cards in adoor for election

To advertise here,contact us