അപകടമുണ്ടായാൽ പെർമിറ്റ് റദ്ദാക്കും; ബസ് ജീവനക്കാരെ നിയമിക്കാൻ ഇനി പൊലീസ് ക്ലിയറൻസ്; നടപടി കടുപ്പിക്കാൻ മന്ത്രി

ബസുകളുടെ മത്സരയോട്ടം ഒഴിവാക്കുന്നതിനായി ബസുകളെ ജിയോ ടാഗ് ചെയ്യുമെന്നും മന്ത്രി

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

Also Read:

Kerala
ശബരി റെയില്‍ പദ്ധതി; രണ്ട് ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

സ്വകാര്യ ബസ് ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ ബസിന്റെ പെര്‍മിറ്റ് ആറ് മാസത്തേയ്ക്ക് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. അപകടത്തില്‍ ഗുരുതര പരിക്കുണ്ടായാല്‍ പെര്‍മിറ്റ് മൂന്ന് മാസത്തേയ്ക്കും സസ്‌പെന്‍ഡ് ചെയ്യും. ബസ് ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്കിടയില്‍ മത്സരയോട്ടം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.

സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരെ നിയമിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഗതാഗതമന്ത്രി വിലയിരുത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരെ നിയമിക്കുന്ന നടപടികള്‍ കര്‍ശനമാക്കാനാണ് തീരുമാനം. ഇനി മുതല്‍ പൊലീസ് വേരിഫിക്കേഷന് ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാന്‍ പാടുള്ളൂ എന്ന് മന്ത്രി നിര്‍ദേശിച്ചു. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടില്ലെന്ന് പൊലീസ് ക്ലിയറന്‍സ് ലഭിക്കണം. ഇതിന് ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാവൂ എന്നും മന്ത്രി ബസ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.

ബസിലെ ഡ്രൈവിങ് സംബന്ധിച്ച് യാത്രക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ പതിപ്പിക്കാനും ഉടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ആരുടെ നമ്പറാണ് നല്‍കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. ലഭിക്കുന്ന പരാതികളില്‍ നടപടിയില്ലെങ്കില്‍ പിന്നീട് പതിപ്പിക്കുന്ന നമ്പര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെയാകുമെന്നും മന്ത്രി അറിയിച്ചു.

ബസുകളുടെ മത്സരയോട്ടം ഒഴിവാക്കുന്നതിനായി ബസുകളെ ജിയോ ടാഗ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഉടമകള്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചു. ഉടമകള്‍ മുന്‍ കൈയെടുത്ത് ചെയ്യുന്നില്ലെങ്കില്‍ അത് സര്‍ക്കാര്‍ ചെയ്യും. ആളുകള്‍ കുറവാണെന്ന് കാണിച്ച് ട്രിപ്പ് കട്ടുചെയ്യുന്ന ബസുകള്‍ക്കെതിരെയും നടപടിയുണ്ടാകും. രാത്രി വൈകിയും ഓടേണ്ട റൂട്ടുകളില്‍ ട്രിപ്പ് ഒഴിവാക്കിയാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. അതേസമയം, കളക്ഷന്‍ ഇല്ലാത്ത റൂട്ടില്‍ സ്ഥിരമായി ഒരു ബസ് ഓടണമെന്ന് വാശിപിടിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ റൂട്ടില്‍ ബസുകള്‍ മാറിയോടണം. ഇക്കാര്യം ആര്‍ടിഒമാരെ അറിയിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights- K B Ganesh kumar decide to take strict action against private buses for traffic law violation

To advertise here,contact us