ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും, പങ്കെടുത്തത് ചീഫ് സെക്രട്ടറി മാത്രം

സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിട്ടുനിൽക്കൽ.

തിരുവനന്തപുരം: ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ചീഫ് സെക്രട്ടറി മാത്രമാണ്. സർവകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിട്ടുനിൽക്കൽ. അതേസമയം മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു. സർക്കാരിൻ്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസും വിരുന്നിനെത്തി. കഴിഞ്ഞവർഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ രാജ്ഭവനിലെ ആഘോഷത്തിനായി അനുവദിച്ചിരുന്നത്.

അതേസമയം കേരള സര്‍വകലാശാല യൂണിയൻ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവർത്തകരെ സത്യ പ്രതിജ്ഞ ചെയ്യാൻ പോലും സമ്മതിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടി എസ്എഫ്ഐ പ്രവർത്തകർ സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തി. ക്യാമ്പസിലെ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവര്‍ണര്‍. സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സെനറ്റ് ഹാളിനകത്ത് നിന്ന് പുറത്തിറങ്ങാനായില്ല. എസ്എഫ്ഐ പ്രവർത്തർ തടഞ്ഞു.

Also Read:

Kerala
'കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുത്' ; ഇഡിക്ക് മൂക്ക് കയറിട്ട് ഹൈക്കോടതി

സത്യ പ്രതിജ്ഞ ഇനിയും വൈകിച്ചാൽ കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. പ്രതിഷേധത്തിന് ഒടുവിൽ സെമിനാര്‍ ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടും ഗവർണർ കയർത്തു.

Content highlight- The Chief Minister and Ministers did not attend the Governor's Christmas party, only the Chief Secretary attended

To advertise here,contact us