പി കെ ശശിയെ രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം; നീക്കം അച്ചടക്ക നടപടിയെ തുടർന്ന്

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്

പാലക്കാട്: സിപിഐഎമ്മിൻ്റെ സംഘടനാ നടപടി നേരിട്ട പി കെ ശശിയെ രണ്ട് ചുമതലകളിൽ നിന്ന് കൂടി നീക്കി സിപിഐഎം. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി സ്വീകരിച്ചത്. സിഐടിയു ജില്ലാ പ്രസിഡൻ്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് ജില്ലാ നേതൃത്വം ശശിയെ മാറ്റിയത്. ശശിയ്ക്ക് പകരം ജില്ലാ കമ്മിറ്റി അം​ഗം പി എൻ മോഹനൻ സിഐടിയുവിൻ്റെ ജില്ലാ പ്രസിഡൻ്റ് ആകും. റ്റി എം ശശി ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻ്റ് ആകും. കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരുന്ന പി കെ ശശിയെ മാറ്റുന്ന കാര്യം സ‍ർക്കാർ തീരുമാനിക്കട്ടെയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ പി കെ ശശിക്കെതിരായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിച്ച അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നൽകിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാ‍ർട്ടി പദവികളിൽ നിന്നും പികെ ശശിയെ ഒഴിവാക്കാനായിരുന്നു തീരുമാനം. ഇതോടെ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശശിയെ ബ്രാഞ്ചിലേയ്ക്ക് തരംതാഴ്ത്തുകയായിരുന്നു.

Also Read:

Kerala
'കരഞ്ഞുകൂവി ബാങ്കില്‍ നിന്ന് ഇറങ്ങി വന്നിട്ടുണ്ട്, അവരുടെ കൈയ്യില്‍ പണമുണ്ടായിരുന്നു'; സാബുവിൻ്റെ ഭാര്യ മേരി

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പി കെ ശശിയെ മാറ്റണമെന്ന് പാലക്കാട് സിപിഐഎം സെക്രട്ടേറിയേറ്റിൽ നേരത്തെയും ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം ഇത് സംബന്ധിച്ച് ശുപാർശ നൽകിയിരുന്നു. പി കെ ശശിയെ സിഐടിയു നേതൃത്വത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവും നടപടിക്ക് പിന്നാലെ ഉയർന്നിരുന്നു. കെടിഡിസി ചെയർമാൻ പദവി രാജിവേക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ പി കെ ശശിയുടെ പ്രതികരണം.

പി കെ ശശിക്കെതിരെ നടത്തിയ അന്വേഷണത്തിൽ ഗുരുതര അച്ചടക്ക ലംഘനം സിപിഐഎം കണ്ടെത്തിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്ന് നേരത്തെ സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയിൽ വിമ‍ർശനം ഉയർ‌ന്നിരുന്നു. പി കെ ശശിയുടെ പ്രവർത്തനം പാർട്ടിയോട് ചർച്ച ചെയ്യാതെയാണ്. മണ്ണാർക്കാട് യൂണിവേഴ്സൽ സഹകരണ കോളേജിനായി പണം പിരിച്ചത് പാർട്ടിയെ അറിയിച്ചില്ലെന്നുമായിരുന്നു പ്രധാന വിമർശനം.

Also Read:

Kerala
വയനാട്ടില്‍ നടത്താനിരിക്കുന്ന ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി

ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണ്. പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ വ്യക്തിഗത താൽപര്യങ്ങൾക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളിൽ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും അടക്കമുള്ള വിമർശനങ്ങൾ സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉയർന്നിരുന്നു.

Content Highlights: CPIM removed PK Sasi from two posts

To advertise here,contact us