മൂന്നാറിൽ കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങി; സമ്പാദിച്ചത് 1.5 കോടി, പ്രതി പിടിയിൽ

വട്ടവടയിലെ വിവിധ കർഷകരിൽ നിന്ന് ഇയാൾ പല തവണയായി 1.5 കോടി രൂപയുടെ പച്ചക്കറിയാണ് മൊത്തവിലയിൽ വാങ്ങിയത്

മൂന്നാർ: ഒന്നര വർഷം മുമ്പ് കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ ആൾ പിടിയിൽ. ചെണ്ടുവരെ എസ്റ്റേറ്റ് പിആർ ഡിവിഷനിൽ യേശുരാജാണ് (32) അറസ്റ്റിലായത്. വട്ടവടയിലെ വിവിധ കർഷകരിൽ നിന്ന് ഇയാൾ പല തവണയായി 1.5 കോടി രൂപയുടെ പച്ചക്കറിയാണ് മൊത്തവിലയിൽ വാങ്ങിയത്. ശേഷം ഇത് തമിഴ്നാട്ടിൽ വിൽപ്പന നടത്തുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ കമ്പനിയായിരുന്നു കർഷകരിൽ നിന്ന് പച്ചക്കറി വാങ്ങിയിരുന്നത്.

കമ്പനി ജീവനക്കാരനായിരുന്ന ഇയാൾ കമ്പനി അറിയാതെ സ്വന്തം നിലയിൽ പച്ചക്കറി വാങ്ങി മറിച്ചുവിറ്റു. കർഷകർ പണം വാങ്ങാനായി കമ്പനിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. അപ്പോഴേക്കും ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങി. തുടർന്ന് കമ്പനി അധികൃതരും കർഷകരും നൽകിയ പരാതിയിലാണ് മൂന്നാർ പൊലീസ് കേസെടുത്തത്. എസ് ഐ ഷാജി ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: man arrested for fraud case in Munnar

To advertise here,contact us