എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. മറ്റുകാര്യങ്ങൾ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവിൽ തുടരുകയാണ്.

Also Read:

Kerala
മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പ്രസ്താവന; കേസെടുക്കണം എന്ന സ്വകാര്യ അന്യായം കോടതി ഇന്ന് പരിഗണിക്കും

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയൻ എംടി വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞിരുന്നു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കൻമാർ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ആരോഗ്യ വിവരം ഫോണിലൂടെ വിളിച്ച് അന്വേഷിച്ചിരുന്നു. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു. ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും എംടിയെ കാണുന്നതിനായി ഇന്നലെ ആശുപത്രിയിൽ എത്തിയിരുന്നു.

Content Highlights: MT Vasudevan Nair is in critical condition and receiving treatment at a private hospital in Kozhikode

To advertise here,contact us