മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴ, പഞ്ചായത്തില്‍ പ്രതിഷേധം

തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണ ആവര്‍ത്തിച്ചതും ചൂണ്ടികാട്ടിയാണ് പ്രതിഷേധം

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടികാട്ടി പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.

തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണ ആവര്‍ത്തിച്ചതും ചൂണ്ടികാട്ടിയാണ് പ്രതിഷേധം. ഒരു വാര്‍ഡില്‍ മാത്രം 70 ഡബിള്‍ എന്‍ട്രിയാണ് വന്നിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഇതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്.

പ്രതിഷേധക്കാര്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങള്‍ എന്നിവരുമായി സംസാരിക്കുകയും പിന്നീട് പ്രതിഷേധത്തിലേക്ക് നീങ്ങുകയുമായിരുന്നു.

സര്‍വ്വകക്ഷിയോഗം വിളിച്ചത് പിന്നെയെന്തിനാണെന്നും ലിസ്റ്റ് തയ്യാറാക്കിയവര്‍ വന്നിട്ട് സംസാരിക്കാമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. അതി വൈകാരികമായാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. തങ്ങള്‍ എല്ലാം നഷ്ടപ്പെട്ടാണ് ഇവിടെ നില്‍ക്കുന്നതെന്നും ഇതിന് ഉദ്യോഗസ്ഥര്‍ ഉത്തരം പറയണമെന്നും പരാതിക്കാര്‍ പറയുന്നു. ദുരിത ബാധിതരെ ആട്ടിപ്പായിക്കാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ തെരുവിലാണെന്നും പരാതിക്കാര്‍ പറഞ്ഞു.

Also Read:

Kerala
എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ 388 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ ഉള്ളത്. പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ജനുവരി 10 നുള്ളില്‍ അറിയിക്കാന്‍ കളകട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Mundakai-Chooralmala Landslide Rehabilitation protest in Meppadi panchayath

To advertise here,contact us