'കൊന്ന് കെട്ടിത്തൂക്കും'; ഭര്‍ത്താവായ എസ്‌ഐയുമായുള്ള ബന്ധം വിലക്കി, യുവതിക്ക് വനിതാ എസ്‌ഐയുടെ ഭീഷണി; കേസ്

'അന്‍പത് ലക്ഷം രൂപ നല്‍കിയാല്‍ എസ്‌ഐയുടെ ഭാര്യയായി ജീവിക്കാം. അല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ'

കൊല്ലം: പരവൂരില്‍ വനിതാ എസ്‌ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ. പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്‌ഐയും തമ്മിലുള്ള അതിരുകടന്ന സൗഹൃദം വിലക്കിയതിന് ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ വനിതാ എസ്‌ഐ മര്‍ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്‌ഐയുമായ അഭിഷേക്, കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു.

Also Read:

Kerala
'മുസ്‌ലിം ലീഗ് വന്നാല്‍ എല്‍ഡിഎഫിൻ്റെ മുഖച്ഛായ നഷ്ടമാകും': വെള്ളാപ്പള്ളി നടേശന്‍

വനിതാ എസ്‌ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. വീട്ടില്‍ എത്തിയ വനിതാ എസ്‌ഐ കുത്തില്‍ കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തുപിടിച്ച് കവിളില്‍ അടിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയാക്കും. കുഞ്ഞിനെ ശരിയാക്കിക്കളയുമെന്നും വനിതാ എസ്‌ഐ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

ഡിപ്പാര്‍ട്ട്മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും സഹോദരിയെയും കേസില്‍പ്പെടുത്തി ജയിലിനുള്ളിലാക്കുമെന്നും വനിതാ എസ്‌ഐ ഭീഷണിപ്പെടുത്തി. അന്‍പത് ലക്ഷം രൂപ നല്‍കിയാല്‍ എസ്‌ഐയുടെ ഭാര്യയായി ജീവിക്കാം. അല്ലെങ്കില്‍ ഇതായിരിക്കും അവസ്ഥ എന്നും വനിതാ എസ് ഐ പറഞ്ഞു എന്നും യുവതി പറയുന്നു. ഫോണ്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ പിടിച്ച് തിരിച്ചു. വനിതാ എസ്‌ഐയെ തള്ളി മാറ്റിയാണ് അവിടെ നിന്ന് താന്‍ മാറിയത്. ശബ്ദം കേട്ട് അമ്മ വന്നപ്പോള്‍ വീട്ടില്‍ വന്നവരെ താന്‍ അപമാനിച്ചു എന്ന വിധത്തിലേക്ക് കാര്യങ്ങളെ മാറ്റിയെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയില്‍ ഭാരതീയ ന്യായസംഹിത (ബിഎന്‍എസ്) 85, 126 (2), 115 (2), 351(2), 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പരവൂര്‍ പൊലീസ് തന്റെ മൊഴിയെടുത്തുവെന്നും എന്നാല്‍ അതില്‍ താന്‍ തൃപ്തയല്ലെന്നും യുവതി പറഞ്ഞു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ചിത്ര തെരേസ ജോണിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. സത്യാവസ്ഥ മനസിലാക്കി മാഡം കൂടെ നിന്നു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുവതി പറഞ്ഞു.

Content Highlights- police take case against two sub inspectors over complaint of woman

To advertise here,contact us