ന്യൂനപക്ഷ വോട്ട് പോയി, 'പട്ടി'യും 'പെട്ടി'യും ക്ഷീണമായി; ഷുക്കൂറിനും കൃഷ്ണദാസിനും രൂക്ഷവിമർശനം

ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകൾ പാർട്ടിയെ തിരിച്ചടിച്ചുവെന്ന വിലയിരുത്തലിലാണ് രൂക്ഷവിമർശനം.

പാലക്കാട്: സിപിഐഎം പാലക്കാട് ഏരിയാ സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസിനും ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനും രൂക്ഷവിമർശനം. ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായ പ്രസ്താവനകൾ പാർട്ടിയെ തിരിച്ചടിച്ചുവെന്ന വിലയിരുത്തലിലാണ് രൂക്ഷവിമർശനം.

ഉപതെരഞ്ഞെടുപ്പിനിടെ എരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ നടത്തിയ പരസ്യ പ്രസ്താവന ശരിയായില്ലെന്ന് പ്രവർത്തകർ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷമായതിനാൽ ജില്ലാ നേതൃത്വം വേട്ടയാടി എന്ന അബ്ദുൽ ഷുക്കൂറിന്റെ പ്രസ്താവന ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായി എന്നും പ്രവർത്തകർ അഭിപ്രായപ്പെട്ടു. കൃഷ്ണദാസിൻ്റെ മാധ്യമങ്ങൾക്കെതിരായ പട്ടി പരാമർശവും, പെട്ടി വിവാദത്തിലെ പ്രസ്താവനയും പാർട്ടിക്ക് തിരിച്ചടിയായിയെന്നും വിമർശനമുണ്ട്. പാർട്ടി ഇടപ്പെട്ടിട്ടും പെട്ടി വിവാദത്തിലെ പരാമർശം തിരുത്താൻ കൃഷ്ണദാസ് തയ്യാറാകാത്തത് ശരിയായില്ല. നേതൃത്വത്തിൻ്റെ നിലപാടിന് എതിരായ കൃഷ്ണദാസിൻ്റെ പരാമർശങ്ങൾ സാധാരണ പ്രവർത്തകരെ വോട്ടർമാർക്കിടയിൽ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

Also Read:

Kerala
'വനനിയമ ഭേദഗതിയിൽ ഇളവുവരുത്തും, ചർച്ചയ്ക്കും മാറ്റങ്ങൾക്കും വിധേയമാകും'; എ കെ ശശീന്ദ്രൻ റിപ്പോർട്ടറിനോട്

നേരത്തെയും 'പട്ടി' പരാമർശത്തിൽ എൻ എൻ കൃഷ്ണദാസിനെതിരെ പാർട്ടി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിൽ നേതാക്കൾ വിമർശിച്ചത്. പാർട്ടി ഇടപെട്ടിട്ടും പ്രതികരണം തിരുത്താൻ കൃഷ്ണദാസ് തയാറായില്ലെന്നും വിമർശനമുണ്ടായിരുന്നു. യോഗത്തിൽ പെട്ടി വിഷയവും ചർച്ചയായി.

പാർട്ടിയുമായി ഇടഞ്ഞുനിന്ന സിപിഐഎം നേതാവ് അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച ശേഷമായിരുന്നു എൻ എൻ കൃഷ്ണദാസിന്റെ 'പട്ടി' പരാമർശം. 'സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാട്ടെ ഏത് വീട്ടിലും എനിക്ക് പോകാം', എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.

Content Highlights: Criticism against CPIM leaders NN Krishnadas and Abdul Shukoor at Palakkad

To advertise here,contact us