എംടി പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ: കെ സുരേന്ദ്രന്‍

'അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവര്‍ത്തിയായി നിലനില്‍ക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും'

കോഴിക്കോട്: മലയാളത്തിൻ്റെ അതുല്യ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേര്‍പാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എം ടി കഥാവശേഷനാകുമ്പോള്‍ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവര്‍ത്തിയായി നിലനില്‍ക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിൻ്റെ മോഹങ്ങളും മോഹഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ബാലസാഹിത്യകൃതികളും ഓര്‍മ്മക്കുറിപ്പുകളും യാത്രാവിവരണങ്ങളും നാടകവും സിനിമകളും എല്ലാമായി മലയാള സാഹിത്യത്തിനും ഭാഷയ്ക്കും എന്നും അമൂല്യ നിധിയായി സൂക്ഷിച്ചു വെക്കാനുള്ളതാണദ്ദേഹത്തിന്റെ സൃഷ്ടികളെല്ലാം.

Also Read:

Kerala
'നിലയ്ക്ക് നിന്നാൽ മലയ്ക്ക് സമമെന്ന് മാതൃക കാണിച്ച എഴുത്തുകാരൻ'; എംടിയെ അനുസ്മരിച്ച് സുഭാഷ് ചന്ദ്രൻ

സ്വന്തമായി സാഹിത്യ സൃഷ്ടി നടത്തുമ്പോഴും നിരവധിയായ എഴുത്തുകാരെ സൃഷ്ടിച്ച മഹാനായ പത്രാധിപരുമായിരുന്നു എം ടി. കവിത എഴുതാത്ത കവി എന്നദ്ദേഹത്തെ വിളിച്ചവരുണ്ട്. മലയാള കഥയെ, നോവല്‍ സാഹിത്യത്തെ കവിതയുടെ ലാവണ്യ ഭംഗിയിലേക്കടുപ്പിച്ച എഴുത്തുകാരനാണ് എംടി. സ്വന്തം മണ്ണില്‍ കാലൂന്നി നിന്ന് മനുഷ്യ ലോകത്തെ ആകെ ചെന്നുതൊട്ട അദ്ഭുത പ്രതിഭ. താനനുഭവിച്ച ജീവിതം നാലുകെട്ടായും കാലമായും അസുരവിത്തായുമൊക്കെ വരച്ചിടുമ്പോഴും കടുഗണ്ണാവയും മഞ്ഞും രണ്ടാ മുഴവും ഷെര്‍ലകും എല്ലാം അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു. സദയം, അക്ഷരങ്ങള്‍, അനുബന്ധം, പഴശ്ശിരാജ, നിര്‍മാല്യം, ഇരുട്ടിന്റെ ആത്മാവ്, താഴ്‌വാരം, മഞ്ഞ്, കടവ് തുടങ്ങിയ സിനിമകള്‍ അത്ഭുതപ്പെടുത്തി. എംടിക്കു സമനായി എംടി മാത്രമേ ഉള്ളു. എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷണങ്ങള്‍ക്കുടമയാണദ്ദേഹം. ലോകമെങ്ങുമുള്ള സാഹിത്യാസ്വാദകരുടെ ദുഃഖത്തിനൊപ്പം ചേരുന്നു. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlight: K Surendran pays tribute to MT Vasudevan Nair

To advertise here,contact us