സിനിമയില്‍ വട്ടപൂജ്യമായിരുന്ന തന്നെ ലോകമറിയാന്‍ കാരണം എംടി; കുട്ട്യേടത്തി വിലാസിനി

അന്തരിച്ച എം ടി വാസുദേവന്‍ നായരെ അവസാനമായി കാണാന്‍ കോഴിക്കോട്ടെ വസതിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം

കോഴിക്കോട്: സിനിമയില്‍ വട്ടപൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കിയത് എം ടി വാസുദേവന്‍ നായര്‍ ആണെന്ന് നടി കുട്ട്യേടത്തി വിലാസിനി. അന്തരിച്ച എം ടി വാസുദേവന്‍ നായരെ അവസാനമായി കാണാന്‍ കോഴിക്കോട്ടെ വസതിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.

'67 മുതല്‍ വാസുവേട്ടനെ പരിചയമുണ്ട്. മാതൃഭൂമി വാര്‍ഷികത്തില്‍ നാടകം ഉണ്ടാകും. ഞാനായിരുന്നു മുഖ്യകഥാപാത്രം. ആ നാടകത്തില്‍ ഫൈനല്‍ റിഹേഴ്‌സലിന് വാസുവേട്ടന്‍ വരും. ഒന്നും സംസാരിക്കില്ല. പരിശീലനം കഴിയുന്നതുവരെ നാടകം കാണും. ഡയറക്ടറെ വിളിച്ച് തെറ്റുകുറ്റങ്ങളൊക്കെ പറഞ്ഞുകൊടുക്കും. അങ്ങനെയുള്ള പരിചയമാണ്. നാടകത്തില്‍ ഞാന്‍ വലിയ നടിയാണ്. സിനിമയില്‍ ഞാന്‍ സീറോ ആയിരുന്നു. കുട്ട്യേടത്തി അഭിനയിച്ച ശേഷമാണ്. കോഴിക്കോട് വിലാസിനി എന്ന ഞാന്‍ കുട്ട്യേടത്തി വിലാസിനി ആയത് ഈ സിനിമ ചെയ്ത ശേഷമാണ്. വാസുവേട്ടനെ എനിക്ക് മറക്കാന്‍ കഴിയില്ല', വിതുമ്പികൊണ്ടായിരുന്നു വിലാസിനിയുടെ പ്രതികരണം.

Also Read:

Kerala
ഈ നഷ്ടം എളുപ്പം നികത്താന്‍ സാധിക്കില്ല; വിതുമ്പി ടി പത്മനാഭന്‍

കോഴിക്കോട്ടെ നിരവധി കലാകാരന്മാര്‍ക്ക് വാസുവേട്ടന്‍ അവസരം കൊടുത്തിട്ടുണ്ട്. ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു അടക്കം നിരവധി പേര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അധികം സംസാരിക്കില്ല. എല്ലാവരോടും നല്ല രീതിയില്‍ മാത്രമെ സംസാരിക്കുകയുള്ളൂ. വാസുവേട്ടന്‍ മരിക്കരുതെന്ന് നേര്‍ച്ച നേര്‍ന്നിരുന്നു. ആരാധനയാണ് തനിക്കെന്നും നടി കുട്ട്യേടത്തി വിലാസിനി പ്രതികരിച്ചു.

Content Highlights: kuttyedathi vilasini in Memory of M T Vasudevan Nair

To advertise here,contact us