കസേര തര്‍ക്കത്തിന് താല്‍ക്കാലിക സ്റ്റോപ്പ്; ഡിഎംഒ ആയി ഡോ.എന്‍ രാജേന്ദ്രന്‍ ഇന്ന് ചുമതലയേറ്റെടുത്തേക്കും

ഈ മാസം ഒമ്പതിനാണ് സംസ്ഥാനത്തെ നാലു മെഡിക്കല്‍ ഓഫീസര്‍മാര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിട്ടത്

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ആയി ഡോക്ടര്‍ എന്‍ രാജേന്ദ്രന്‍ ഇന്ന് ചുമതലയേറ്റെടുത്തേക്കും. ഹൈക്കോടതിയില്‍ നിന്ന് ഡോ. രാജേന്ദ്രന് അനുകൂലമായ ഉത്തരവ് വന്നതിന് പിന്നാലെയാണ് നടപടി. സ്ഥലം മാറ്റ ഉത്തരവ് പ്രകാരം നേരത്തെ ഡോ ആശാദേവി ഡിഎംഒ ആയി ചുമതലയേറ്റിരുന്നു. സ്ഥലം മാറ്റ ഉത്തരവിനെതിരെ ഡോ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഹൈക്കോടതിയെ സമീപിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നല്‍കിയ സ്ഥലം മാറ്റ ഉത്തരവിനുള്ള സ്റ്റേ അടുത്ത മാസം ഒന്‍പത് വരെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ ഡിസംബര്‍ ഒമ്പതിന് പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍ ഇന്ന് പുതിയ ഉത്തരവ് ഇറക്കിയേക്കും. കോഴിക്കോട് ഡി എം ഒ ഓഫിസില്‍ ഒരേ സമയം രണ്ട് ഡി എം ഒ മാര്‍ കസേര ഉറപ്പിക്കാന്‍ കാത്തിരുന്നത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഈ മാസം ഒമ്പതിനാണ് സംസ്ഥാനത്തെ നാലു മെഡിക്കല്‍ ഓഫീസര്‍മാര്‍ അടക്കം ഏഴ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിട്ടത്. മൂന്ന് ഉദ്യോഗസ്ഥര്‍ സ്ഥലമാറ്റം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങി. പരാതിയുള്ള ഉദ്യോഗസ്ഥരെ കേട്ട ശേഷം ഒരു മാസത്തിനുള്ളില്‍ സ്ഥലംമാറ്റത്തില്‍ സര്‍ക്കാര്‍ യുക്തമായ തീരുമാനം എടുക്കാനായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്.

Also Read:

Kerala
വയനാട് ടൗൺഷിപ്പ്; ഭൂമി ഏറ്റെടുക്കൽ സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ജെ ഒ അരുണിന് അധിക ചുമതല

എന്നാല്‍ പരാതിക്കാരെ കേള്‍ക്കുമെന്ന് വ്യക്തമാക്കിയ ആരോഗ്യ വകുപ്പ് സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ദിവസങ്ങളായി കസേര ഒഴിയാതെ പിടിച്ചു നിന്ന ഡോ. എന്‍. രാജേന്ദ്രന്‍ ഓഫീസ് വിടേണ്ടി വന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോ.രാജേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി ഒമ്പത് വരെ സ്റ്റേ തുടരാനാണ് നിര്‍ദേശം. അടുത്ത മാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

Content Highlights: Dr N Rajendran may take over as Kozhikode DMO today

To advertise here,contact us