വയനാട് ടൗൺഷിപ്പ്; ഭൂമി ഏറ്റെടുക്കൽ സ്‌പെഷ്യല്‍ ഓഫീസറായി ഡോ. ജെ ഒ അരുണിന് അധിക ചുമതല

ദേശീയപാത, കരിപ്പൂർ വിമാനത്താവള വികസനം തുടങ്ങിയ പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കൽ ചുമതല അദ്ദേഹം വഹിച്ചിരുന്നു

കൽപ്പറ്റ: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ സ്‌പെഷ്യല്‍ ഓഫീസറായി മലപ്പുറം എല്‍ എ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. മഞ്ചേരി വായ്പ്പാറപ്പടി സ്വദേശിയാണ്. ദേശീയപാത, കരിപ്പൂർ വിമാനത്താവള വികസനം തുടങ്ങിയ പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കൽ ചുമതല അദ്ദേഹം വഹിച്ചിരുന്നു.

ഉരുള്‍പ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയ വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജ് നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കല്‍പ്പറ്റ വില്ലേജിലുളള എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ സ്ഥലവും ഏറ്റെടുക്കുന്നതിനും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനും ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഡോ. അരുണിൻ്റെ ചുമതല.

Also Read:

Kerala
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും

അതേസമയം ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളികൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകും. എസ്റ്റേറ്റ് ഭൂമി ടൗൺഷിപ്പ് ആയി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണം. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റണുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Dr.J O Arun as special officer for land acquisition in Wayanad township. additional Responsibility

To advertise here,contact us