പെരിയ ഇരട്ടകൊലപാതകം: നിയമപോരാട്ടം തുടരും, വിധി സിപിഐഎമ്മിൻറെ മുഖത്തേറ്റ പ്രഹരം; കോണ്‍ഗ്രസ് നേതാക്കള്‍

വിധിയെ സ്വാഗതം ചെയുന്നുവെന്നും സിബിഐ വന്നതുകൊണ്ടാണ് കേസ് തെളിഞ്ഞതെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകത്തിലെ സിബിഐ കോടതി വിധിയില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. 'മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ കുറ്റക്കാരൻ എന്നത് സിപിഎമിന് മുഖത്തേറ്റ പ്രഹരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിധിയെ സ്വാഗതം ചെയുന്നുവെന്നും സിബിഐ വന്നതുകൊണ്ടാണ് കേസ് തെളിഞ്ഞതെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.

സിബിഐ വന്നതിന് ശേഷമാണ് പൊലീസ് ആയുധം പരിശോധനക്കായി നൽകുന്നത്. സർക്കാർ ചെലവിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. മാതാപിതാക്കളുടെ ധീരമായ പോരാട്ടം ഫലം കണ്ടു. സിബിഐ അന്വേഷണം നടക്കാതിരിക്കാൻ സിപിഐഎം പതിനെട്ട് അടവും പയറ്റി പരാജയപ്പെട്ടുവെന്നും വെറുതെ വിട്ടവർക്കെതിരെയുള്ള നിയമപോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിൻ്റെ മരണത്തിലും സിപിഐഎം യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേ സമയം, പെരിയ കൊലപാതക കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ നീതി പൂർണമായും നടപ്പിലായെന്ന് പറയാനാവില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമപോരാട്ടം മുന്നോട്ട് പോകണമെന്നാണ് തൻ്റെ അഭിപ്രായം. കുടുംബവുമായി ആലോചിച്ച് എന്ത് ചെയ്യണമെന്ന് പാർട്ടി തീരുമാനിക്കും. പെരിയയിലേത് മാർക്സിസ്റ്റ് പാർട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ്. പ്രതികൾക്ക് ഒത്താശ ചെയ്ത സി പി എമ്മിന് ഇതിൽ നിന്ന്കൈ കഴുകാനാവില്ല. കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്നും, മുഴുവൻ പേരെയും ശിക്ഷിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.

Also Read:

Kerala
മേയറെ പിന്തുടർന്ന് വിമര്‍ശിക്കുന്നത് ശരിയല്ല; സുനില്‍ കുമാറിനെ തള്ളി സിപിഐ ജില്ലാ നേതൃത്വം

കോടതി വിധിയെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത് എത്തി. വെറുതെ വിട്ട പ്രതികളെയും ശിക്ഷിക്കണമായിരുന്നു. വെറുതെ വിട്ടവരും കുറ്റക്കാരാണെന്ന് സ്ഥാപിക്കും വരെ പോരാട്ടം തുടരും. തുടക്കം മുതൽ തന്നെ ഈ കേസ് അട്ടിമറിക്കാൻ പലവിധ ശ്രമങ്ങൾ നടന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ റിപ്പോർട്ടറോട് പ്രതികരിച്ചു.

' ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തേണ്ട സംഭവമാണിത്. സാക്ഷികൾ കൂറ് മാറുന്നത് പോലെ പ്രോസിക്യൂട്ടറും കൂറ് മാറിയ കേസാണിത്. മുഖ്യമന്ത്രി രാജിവയ്ക്കണം അല്ലെങ്കിൽ അക്രമരാഷ്ട്രീയത്തിൻ്റെ ആയുധം താഴെയിടണം. മുഖ്യമന്ത്രി അറിഞ്ഞാണ് കോടികൾ ചെലവഴിച്ച് സിബിഐ അന്വേഷണത്തെ എതിർത്തത്. സിപിഐഎമ്മിൻ്റെ സംസ്ഥാന നേതൃത്വം അറിഞ്ഞതാണ് കൊലപാതകം നടത്തിയത്. ഒരിക്കലും സിപിഐഎം പാഠം പഠിക്കുമെന്ന് കരുതുന്നില്ല. സിപിഐഎമ്മിനെ ഒറ്റപ്പെടുത്തിയാലെ ഇനി ഇതിനെ നേരിടാൻ കഴിയൂ.' മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സിപിഐഎം അക്രമ പാർട്ടിയാണെന്ന് വീണ്ടും തെളിഞ്ഞുവെന്നും പ്രതികളെ രക്ഷിക്കാൻ സിപിഐഎം നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞുവീണുവെന്നും കോൺഗ്രസിൻ്റെ നിയമപോരാട്ടം ശരിയായിരുന്നു എന്ന് തെളിയിച്ചുവെന്നും വിഷയത്തിൽ ഡീൻ കുര്യക്കോസ് എംപിയും അറിയിച്ചു.

Content highlight- 'Kunjiraman proved guilty is a blow to the face of CPM'; Thiruvanjoor Radhakrishnan-'

To advertise here,contact us