'വഴി തടസപ്പെടുത്താതെ മാറി നിൽക്ക്..'; മാധ്യമങ്ങളോട് കയർത്ത് പെരിയ കേസ് പ്രതി കെ വി കുഞ്ഞിരാമൻ

പെരിയ ഇരട്ടക്കൊലക്കേസ് വിധിയിൽ അപ്പീൽ പോകുമെന്നാണ് സിപിഐഎം നിലപാട്

തിരുവനന്തപുരം: വിധി പ്രസ്താവത്തിന് ശേഷം പ്രതികരണം ചോദിച്ചെത്തിയ മാധ്യമങ്ങളോട് കയർത്ത് പെരിയ കേസ് പ്രതി കെ വി കുഞ്ഞിരാമൻ. വഴി തടസപ്പെടുത്താതെ മാറി നിൽക്കൂ എന്നായിരുന്നു മുൻ സിപിഐഎം എംഎൽഎ കൂടിയായ കെ വി കുഞ്ഞിരാമന്റെ പ്രതികരണം. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തരുത്, തനിക്ക് ഇപ്പോൾ പ്രതികരിക്കാൻ താത്പര്യമില്ലെന്നും കെവി കുഞ്ഞിരാമൻ പറഞ്ഞു. ​ഗൂഢാലോചനയുൾപ്പെടെയുള്ള കുറ്റങ്ങളാണ് കെ വി കുഞ്ഞിരാമനെതിരെ കോടതി കണ്ടെത്തിയത്.

അതേസമയം പെരിയ ഇരട്ടക്കൊലക്കേസ് വിധിയിൽ അപ്പീൽ പോകുമെന്നാണ് സിപിഐഎം നിലപാട്. 24 പേരുണ്ടായിരുന്ന പ്രതിപട്ടികയിൽ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. വിധി പകർപ്പ് പൂർണ്ണമായി പഠിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് സിപിഐഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിക്ക് കൊലപാതകത്തിൽ പങ്കില്ല. സിബിഐ കേസ് ഏറ്റെടുത്തതിനുശേഷമാണ് നേതാക്കളെ പ്രതിയാക്കിയത്. സിബിഐ രാഷ്ട്രീയമായി ഇടപെടൽ നടത്തിയെന്നും സിപിഐഎം ആവർത്തിച്ചു. പ്രതിചേർക്കപ്പെട്ട സിപിഐഎം നേതാക്കൾ നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Kerala
'ആ വിഷമം കുഞ്ഞിരാമന്റെ കുടുംബം അങ്ങ് സഹിച്ചാല്‍ മതി; ശരത്തിനും കൃപേഷിനും കുടുംബമുണ്ട്': രാഹുൽ മാങ്കൂട്ടത്തിൽ

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാ​ഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്. ​ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠൻ, എൻ ബാലകൃഷ്ണൻ എന്നിവർക്കെതിരെ തെളിഞ്ഞത്.

പൊലീസ് പട്ടികയിൽ ഉൾപ്പെടാതെ സിബിഐ പട്ടികയിൽ ചേർന്ന പത്തിൽ നാല് പേരും പ്രതികളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 15 ആം പ്രതി എ സുരേന്ദ്രന്‍ (വിഷ്ണു സുര), 20 ആം പ്രതി കെ വി കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), 21ആം പ്രതി രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), 22ആം പ്രതി കെവി ഭാസ്കരൻ എന്നിവരാണ് സിബിഐ കൂട്ടിച്ചേർത്തവരിൽ പ്രതികളായവർ. കെ മണികണ്ഠൻ, കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവർക്ക് ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തിൽ തുടരാം. ജനുവരി മൂന്നിനാണ് കേസിൽ കോടതി ശിക്ഷ വിധിക്കുക.

Content Highlight: Periya case accused KV Kunhiraman gets angry, asks media to move away

To advertise here,contact us