ബൈ ബൈ..; ​ഗവർണർക്ക് ടാറ്റാ നൽകി എസ്എഫ്ഐ; കേരളത്തിലെ എല്ലാവർക്കും നല്ലത് വരട്ടെയെന്ന് ​ഗവർണർ

അധികാരികൾ വിട്ടുനിന്നതിൽ നീരസം പ്രകടിപ്പിക്കാതെയായിരുന്നു ​ഗവർണറുടെ മടക്കം

തിരുവനന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ നിന്നും മടങ്ങും. കേരളത്തോട് നന്ദി പറഞ്ഞാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ മടക്കം. സർക്കാരുമായി നിരന്തരം കൊമ്പുകോർക്കുന്നത് പതിവായ ​ഗവർണറുടെ യാത്രയയപ്പ് ചടങ്ങിന് മന്ത്രിമാരോ സർക്കാർ പ്രതിനിധികളോ എത്തിയിരുന്നില്ല. അധികാരികൾ വിട്ടുനിന്നതിൽ നീരസം പ്രകടിപ്പിക്കാതെയായിരുന്നു ​ഗവർണറുടെ മടക്കം. ​വിവാദങ്ങൾക്ക് തത്ക്കാലമില്ലെന്നും കേരളവുമായുള്ള ബന്ധം എന്നും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് സംസാരിച്ചത്.

ചില വാക്കുകൾ മലയാളത്തിൽ പറയാമെന്ന് പറഞ്ഞായിരുന്നു ഗവർണർ പ്രതികരണം അവസാനിപ്പിച്ചത്. ​'ഗവർണറുടെ കാലാവധി തീർന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കും. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഒരു കാലം കൂടിയാണ് ഇപ്പോൾ കടന്നുപോകുന്നത്. നിങ്ങളെ എല്ലാം ഞാനെന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ' ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സർവകലാശാല വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടലിനോട് എതിർപ്പുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായോ സർക്കാരുമായോ മറ്റു വിഷയങ്ങളിലൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജനക്ഷേമകരമായി സർക്കാരിന് പ്രവർത്തിക്കാൻ കഴിയട്ടെയെന്നും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:

Kerala
മുനമ്പം വിഷയം: 'സമുദായങ്ങൾ തമ്മിൽ അകൽച്ച പാടില്ല'; മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി സാദിഖലി തങ്ങൾ

സർക്കാർ പ്രതിനിധികൾ സന്ദർശിക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ​ഗവർണർ രാജ്യം ദുഖാചരണത്തിലാണെന്നും അതിനാലാണ് ചടങ്ങുകൾ ഇല്ലാത്തതെന്നും മറുപടി നൽകി. മുൻ ​ഗവർണർ പി സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തരുത്. രണ്ട് പേരും രണ്ട് വ്യക്തികളാണ്. ഓരോ ​ഗവർണർമാർക്കും ഓരോ വ്യക്തിത്വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

​ഗവർണർക്കെതിരെ ​ഗോ ബാക്ക് ബാനറുകളും കരിങ്കൊടിയും കാണിച്ചിരുന്ന എസ്എഫ്ഐ ഇന്ന് ​ഗവർണർക്ക് ടാറ്റാ നൽകി യാത്രയയച്ചു. പേട്ടയിൽ വെച്ചായിരുന്നു ​ഗവർണർക്ക് എസ്എഫ്ഐ പ്രവർത്തകർ ടാറ്റാ നൽകിയത്.

Content Highlight: Governor Arif Mohammed khan leaves kerala.wishes people good luck

To advertise here,contact us