നടൻ ദിലീപ് ശങ്കറിന്റെ മരണം തറയിൽ തലയിടിച്ച് വീണെന്ന് സംശയം; മുറിയിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി

ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റേത് ആത്മഹത്യ അല്ലെന്നുറപ്പിച്ച് പൊലീസ്. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ച് വീണതാണെന്നാണ് സംശയം. ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണോ മരണത്തിന് കാരണമെന്നും സംശയിക്കുന്നു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും.

Also Read:

Kerala
കാട്ടാന ആക്രമണം; ഇടുക്കി പാക്കേജിൽ നിന്ന് വേലികൾ നിർമിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

കഴിഞ്ഞ ദിവമാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ സീരിയൽ താരം ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകൻ മനോജ് പറഞ്ഞിരുന്നു. കരൾ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും രോഗത്തെക്കുറിച്ച് അദ്ദേഹം കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.

സീരിയൽ ഷൂട്ടിന്റെ ഭാഗമായി നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാൽ ഹോട്ടൽ മുറിയിൽ കഴിഞ്ഞു. ഇതിനിടെ സീരിയലിന്റെ പ്രൊഡക്ഷൻ വിഭാഗം അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. ഫോണിൽ കിട്ടാതെ വന്നതോടെ പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നുള്ളവർ നേരിട്ടെത്തി. ഹോട്ടൽ അധികൃതർ പരിശോധനയ്‌ക്കെത്തിയപ്പോൾ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു. തുടർന്ന് മുറിയിൽ നടത്തിയ പരിശോധനയിലാണ് തറയിൽ മരിച്ചു കിടക്കുന്ന നിലയിൽ ദിലീപ് ശങ്കറിനെ കാണുന്നത്. തുടർന്ന് കന്റോൺമെന്റ് പൊലീസിനെ വിവരം അറിയിച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlights: actor dileep shankar's death case updates

To advertise here,contact us