സിനിമാ ചിത്രീകരണത്തിനിടെ അണുബാധ, ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

ഇന്ന് വാർഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് വിവരം.

സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്രീനഗറിൽ വെച്ചായിരുന്നു മരണം. പെരുമ്പാവൂർ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ.

സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ എന്ന സീരീസിലെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവർത്തിക്കുകയായിരുന്നു കൃഷ്ണ. രാജസ്ഥാൻ, അരുണാചൽ‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കൃഷ്ണ അസുഖബാധിതയാകുന്നത്.

രോഗത്തെ തുടർന്ന് ഈ മാസം 23 ന് കൃഷ്ണയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് ശ്രീനഗർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുക്കുകയും വീട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നു. അസുഖ വിവരമറിഞ്ഞ് സഹോദരന്‍ ഉണ്ണി ശ്രീനഗറിലെത്തിയിരുന്നു. ഇന്ന് വാർഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് വിവരം.

Also Read:

Entertainment News
ഇത് ഇന്ത്യയിലെ ഏറ്റവും വലുത്; 256 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച് രാം ചരണിന്റെ ആരാധകർ

മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ ഛായാഗ്രാഹക സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. സാനു വർഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കർ സംവിധാനവും നിർവഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ബേസിൽ ജോസഫ് ചിത്രം ‘പൊന്മാനി’ലാണ് ഒടുവിൽ മലയാളത്തിൽ പ്രവർത്തിച്ചത്. കോവിഡിനു മുമ്പ് ദുബായിലും സ്വതന്ത്ര ഛായാഗ്രാഹകയായി പ്രവർത്തിച്ചിരുന്നു. വിമൻ ഇൻ സിനിമ കലക്ടീവിന്റെ സജീവ പ്രവർത്തകയായിരുന്നു. കൃഷ്ണയുടെ മൃതദേഹം നാളെ വൈകിട്ട് കൊച്ചിയിൽ എത്തിക്കും. ജനുവരി ഒന്നിനാണ് സംസ്കാരം.

Content Highlights: Cinematographer KR Krishna dies of infection during film shoot

To advertise here,contact us