'പരിപാടിയുടെ നിർദേശങ്ങൾ പലതും പാലിക്കപ്പെട്ടില്ല, ദിവ്യ ഉണ്ണിയുടെ പങ്ക് പരിശോധിക്കും'; സിറ്റി പൊലീസ് കമ്മീഷണർ

പരിപാടി സംഘടിപ്പിക്കാനായി ജിസിഡിഎ 24 നിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇതിൽ പലതും പാലിക്കപ്പെട്ടില്ല എന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു

കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസ് വീണു ഗുരുതര പരിക്കേറ്റ പരിപാടിയെച്ചൊല്ലിയുള്ള സാമ്പത്തിക ആരോപണത്തിൽ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വിഷയത്തിൽ പാലാരിവട്ടം പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നും സംഘാടകർ അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

പരിപാടി സംഘടിപ്പിക്കാനായി ജിസിഡിഎ 24 നിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇതിൽ പലതും പാലിക്കപ്പെട്ടില്ല എന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. പക്ഷെ ഇവയ്‌ക്കെല്ലാം അനുമതി വാങ്ങാത്തത് ശരിയല്ല. വകുപ്പുകളുടെ വീഴ്ച അന്വേഷണ ഘട്ടത്തിൽ ആണെന്നും പിഡബ്ള്യുഡി, പൊലീസ് എന്നിവർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Also Read:

Kerala
ഇപിയുടെ ആത്മകഥാ വിവാദം; ഡിസി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കും

പരിപാടിക്ക് നേരെ ഉയർന്ന അനവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ല എന്നും പരിപാടിയിൽ ദിവ്യ ഉണ്ണിയുടെ പങ്ക് എന്താണെന്ന് പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു. വിഷയം അന്വേഷണ ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ കമ്മീഷണർ പുറത്തുപറഞ്ഞില്ല.

നേരത്തെ, സ്റ്റേജ് നിർമിച്ചത് അനുമിതിയില്ലാതെയെന്ന് വെളിപ്പെടുത്തി ജിസിഡിഎ അധികൃതർ രംഗത്തെത്തിയിരുന്നു. സ്റ്റേജ് നിർമാണത്തിന്റെ വിവരങ്ങൾ നൽകിയിരുന്നില്ല. ഐഎസ്എൽ മത്സരങ്ങൾക്ക് സ്റ്റേജ് വിട്ടു നൽകുമ്പോൾ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതർ പറഞ്ഞു. സ്റ്റേജ് നിർമിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച് സംഭവിച്ചെന്ന് ഫയർ ഫോഴ്സ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Also Read:

Kerala
ഇരുവൃക്കകളും തകരാറിലായി; സുമനസുകളുടെ സഹായം തേടി ഷാജു

പ്രധാന അതിഥികൾക്ക് ഇരിക്കാനും മ്യൂസിക് ബാൻഡിനുമായി രണ്ട് സ്റ്റേജുകളാണ് പരിപാടിക്കായി നിർമിച്ചത്. രണ്ടര മീറ്റർ മാത്രം വീതിയുള്ള സ്റ്റേജിലാണ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് ഇരിക്കാനായി സൗകര്യം ഒരുക്കിയത്. ഇതിൽ രണ്ട് നിരയിൽ കസേരകളും ഇട്ടിരുന്നു. രണ്ടിഞ്ച് മാത്രമായിരുന്നു നടക്കാനായി നൽകിയിരുന്നത്. ഇതിലൂടെ നടക്കുന്നതിനിടെയായിരുന്നു എംഎൽഎ കാൽവഴുതി താഴേയ്ക്ക് വീണത്. അതേസമയം ഭാവിയിൽ പരിപാടികൾ നടത്തുമ്പോൾ ഈ സംഭവം ഒരു പാഠമായി ഉൾക്കൊള്ളുമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. നടപടികൾ കർശനമാക്കുമെന്നും ജിസിഡിഎ ചെയർമാൻ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: Divya Unnis involvement will be investigated at Dance fund issue

To advertise here,contact us