ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; മെഡിക്കൽ സംഘത്തിന്റെ യോഗം 10 മണിക്ക്

മെഡിക്കൽ ബോർഡ് യോഗം തുടർ ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കും

കൊച്ചി: വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിലെ നീർക്കെട്ട് കൂടിയതിനാലും അപകടനില തരണം ചെയ്തിട്ടില്ല എന്നതിനാലും വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. രാവിലെ പത്ത് മണിക്ക് ചേരുന്ന മെഡിക്കൽ ബോർഡ് യോഗം തുടർ ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങൾ തീരുമാനിക്കും.

ഡിസംബർ 29 വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരുന്നത്. സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച 'മൃദംഗ വിഷ'ന്റെ സിഇഒ അറസ്റ്റിലായിരുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്.

Also Read:

Kerala
ഒടുവില്‍ അനുകൂല തീരുമാനം; മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

അതേസമയം, എംഎൽഎ ഉമാ തോമസ് വീണു ഗുരുതര പരിക്കേറ്റ പരിപാടിയെച്ചൊല്ലിയുള്ള സാമ്പത്തിക ആരോപണത്തിൽ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പ്രതികരിച്ചു. വിഷയത്തിൽ പാലാരിവട്ടം പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നും സംഘാടകർ അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

പരിപാടി സംഘടിപ്പിക്കാനായി ജിസിഡിഎ 24 നിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇതിൽ പലതും പാലിക്കപ്പെട്ടില്ല എന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. പക്ഷെ ഇവയ്‌ക്കെല്ലാം അനുമതി വാങ്ങാത്തത് ശരിയല്ല. വകുപ്പുകളുടെ വീഴ്ച അന്വേഷണ ഘട്ടത്തിൽ ആണെന്നും പിഡബ്ള്യുഡി, പൊലീസ് എന്നിവർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Content Highlights: Uma Thomas condition remains critical

To advertise here,contact us