വളക്കൈ അപകടം: മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ മൃതദേഹം സംസ്കരിച്ചു

വീട്ടിലെ പൊതുദർശന ചടങ്ങിന് ശേഷം കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ് രാജേഷിൻ്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശന ചടങ്ങിന് ശേഷം കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം.

പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടി മാത്രമാണ് നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. അപകടത്തിൽ ശ്രീകണ്ഠാപുരം പോലിസ് കേസെടുത്തിരുന്നു. ഡ്രൈവറെ പ്രതിച്ചേർത്താണ് എഫ്ഐആർ.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മനഃപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്താണ് കേസ്. മോട്ടോർ വാഹന വകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ ബസിൻ്റെ ബ്രേക്കുകൾക്ക് തകരാർ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണം ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.

Content Highlights: 10 year old girls body cremated at kannur school bus accident

To advertise here,contact us