ചിത്രലേഖയ്ക്ക് മരണശേഷം ഓട്ടോ പെര്‍മിറ്റ്; പോരാട്ടത്തിന്റെ വിജയമെന്ന് ഭർത്താവ് ശ്രീഷ്‌കാന്ത്

തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്

കണ്ണൂര്‍: അര്‍ബുദം ബാധിച്ച് മരിച്ച വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് മരണശേഷം ഓട്ടോ പെര്‍മിറ്റ്. ചിത്രലേഖ മരിച്ച് മൂന്ന് മാസം പിന്നിടുമ്പോഴാണ് പുതുവത്സര ദിനത്തില്‍ പെര്‍മിറ്റ് അനുവദിച്ചത്. കെ സി 2689 എന്നതാണ് നമ്പര്‍. ഇത് ചിത്രലേഖയുടെ പോരാട്ടത്തിന്റെ വിജയം ആണെന്നും അവര്‍ ഇല്ലാതായതോടെ ജീവിതം കടുത്ത നിരാശയില്‍ ആണെന്നും ഭര്‍ത്താവ് ശ്രീഷ്‌കാന്ത് പ്രതികരിച്ചു. ദളിത് വിഭാഗത്തിൽപ്പെട്ട ചിത്രലേഖയെ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയു തടഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.

തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഐഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.

ജീവിച്ചിരിക്കെ പലകുറി ചിത്രലേഖ ഓട്ടോയ്ക്ക് പെര്‍മിറ്റ് അപേക്ഷ നല്‍കിയിരുന്നെങ്കിലും കണ്ണൂര്‍ ആര്‍ടിഒ സാങ്കേതിക കാരണം പറഞ്ഞ് നീട്ടുകയായിരുന്നു.

Content Highlights: auto permit for Chithralekha Kannur

To advertise here,contact us