മതനിരപേക്ഷതയുടെ ബ്രാൻഡ്, എന്‍എസ്എസിൻ്റെ രാഷ്ട്രീയരംഗത്തെ ഇടപെടല്‍ ആശാവഹം: രമേശ് ചെന്നിത്തല

പെരുന്നയിലെ മണ്ണുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും അത് ആരു വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി

തിരുവനന്തപുരം: എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനെ വാനോളം പുകഴ്ത്തിയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് നന്ദി പറഞ്ഞും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നത്ത് പത്മനാഭന്‍ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്നത്ത് പത്മനാഭൻ്റെ 148-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സംസാരിക്കവെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതിന് ജി സുകുമാരന്‍ നായര്‍ക്ക് നന്ദി അറിയിച്ചു.

രാജ്യത്തിന് കേരളം സംഭാവന ചെയ്ത മഹാപുരുഷനാണ് മന്നത്ത് പത്മനാഭന്‍. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടു കിടന്ന നായര്‍ സമുദായത്തെയും കേരളത്തെയും നവോത്ഥാന പാതയിലേക്ക് നയിച്ചത് മന്നത്താണ്. സ്വന്തം സമുദായത്തിന്റെ ശക്തി ദൗര്‍ബല്യത്തെ അത്രയേറെ മനസ്സിലാക്കിയ വ്യക്തിയാണ് മന്നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അകവും പുറവും സൗന്ദര്യമുള്ള വ്യക്തിത്വമായിരുന്നു മന്നത്ത്. അന്ധ വിശ്വാസങ്ങളില്‍ നിന്നും സമുദായത്തെ മോചിപ്പിച്ചു. സ്വയം മാതൃക തീര്‍ത്താണ് മന്നത്ത് സമുദായ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയത്. മന്നത്ത് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read:

Kerala
രമേശ് ചെന്നിത്തല എൻഎൻഎസിൻ്റെ പുത്രൻ; നായൻമാർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം; ജി സുകുമാരൻ നായ‍ർ

പെരുന്നയിലെ മണ്ണുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും അത് ആരു വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും ചെന്നിത്തല പ്രസംഗിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന് ചാലക ശക്തിയായത് സവര്‍ണ്ണ ജാഥ. രാഷ്ട്രീയ രംഗത്ത് എന്‍എസ്എസ് ഇടപെടല്‍ ആശാവഹമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മത നിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുന്ന കേരളത്തിലേയും ഇന്ത്യയിലേയും ജനങ്ങളുടെ ഭാഗമായി നിന്നുകൊണ്ട് വര്‍ഗീയമായ അക്രമങ്ങളെ ചെറുക്കാന്‍ എന്‍എസ്എസ് നേതൃത്വം കാലാകാലമായി നടത്തി വരുന്ന സംഭാവനകളെ സല്യൂട്ട് ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയടക്കം കാണിക്കുന്ന ജാഗരൂകത പ്രത്യേകം അഭിനന്ദിക്കുന്നു. മുമ്പൊരിക്കല്‍ മന്നത്തിന് ഒരാള്‍ ഊന്നുവടികൊടുത്തപ്പോള്‍ അദ്ദേഹത്തിന് വയസ്സായിട്ടാണ് ഇത് കൊടുത്തതെങ്കില്‍ തെറ്റി, മന്നത്തിന് വയസ്സാവുകയില്ല. സമുദായത്തിന് വരുന്ന തല്ല് പകരം കൊടുക്കാന്‍ ഈ വടി സ്വീകരിക്കുന്നുവെന്നായിരുന്നു മറുപടി. അദൃശ്യമായി ഒരു വടി ജി സുകുമാരന്‍ നായരുടെ കൈയ്യില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എന്‍എസ്എസ് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Content Highlights: Ramesh Chennithala Praise Nss and General Secretary G Sukumaran Nair

To advertise here,contact us