അനിൽ അംബാനിയുടെ പൂട്ടിയ കമ്പനിയിൽ കെഎഫ് സി പണം നിക്ഷേപിച്ചു; ഗുരുതര ആരോപണവുമായി വി ഡി സതീശൻ

പണം നിക്ഷേപിച്ചത് 2018ൽ. 2019ൽ ആ‍ർസിഎഫ്എൽ പൂട്ടി

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ​ഗുരുതര ആരോപണവുമായി വി ഡി സതീശൻ. കെഎഫ്സി അനിൽ അംബാനിയുടെ കമ്പനിയിൽ പണം നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചിരിക്കുന്നത്. റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ കെഎഫ്സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. 2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതൽ അനിൽ അംബാനിയുടെ ആ‍ർസിഎഫ്എൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്സി നിക്ഷേപം നടത്തിയത്. 2019ൽ ആ‍ർസിഎഫ്എൽ പൂട്ടി. ഇതോടെ കെഎഫ്സിയ്ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2018-2019ലെ കെഎഫ്സിയുടെ വാ‍ർ‌ഷിക റിപ്പോ‍ർട്ടിൽ റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൻ്റെ പേരില്ല. 2019-20ലും ഇവരുടെ പേര് മറച്ചുവെച്ചുവെന്ന് വി ഡി സതീശൻ ആരോപിച്ചു. 2020-21ലാണ് പേര് കാണാൻ കഴിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

പണം നിക്ഷേപിക്കുമ്പോൾ കമ്പനിയുടെ സാമ്പത്തിക ഭദ്രത നോക്കണ്ടേയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കമ്പനി പൂട്ടാൻ പോകുന്നുവെന്ന് അറിഞ്ഞു കൊണ്ടാണ് ഇത്രയും പണം നിക്ഷേപിച്ചതെന്നും കുറ്റപ്പെടുത്തി. നിയമസഭയിൽ ഈ ചോദ്യം ചോദിച്ചിട്ടും ഇതുവരെ മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read:

Kerala
'അബ്ദുറഹ്‌മാന്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ത്താല്‍ നന്ന്'; സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി എസ്ഡിപിഐ

ആ‍ർസിഎഫ്എല്ലുമായി ബന്ധപ്പെട്ട കരാർ രേഖകൾ സർക്കാർ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് സർക്കാർ ഇത്രയും വലിയ തുക നിക്ഷേപിച്ചത്. ഭരണത്തിന്റെ മറവിൽ നടന്നത് ഗുരുതരമായ അഴിമതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവം അടിയന്തരമായി അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. ഇതിന് പിന്നിൽ പ്രവർത്തിച്ച ഭരണനേതൃത്വത്തിലുള്ളവരെ പുറത്തുകൊണ്ടുവരണം. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇത്രയും പണം നഷ്ടപ്പെട്ടിട്ട് ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ പറ്റില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ നിന്നും 2023-24ൽ പണം തിരികെ കിട്ടുമെന്ന് സ‍ർക്കാരിൻ്റെ വാ‍ർഷിക റിപ്പോ‍ർട്ടിൽ പറഞ്ഞിരിക്കുന്നതും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു.

Content Highlights: V D Satheesan Alleges KFC invested in Anil Ambani's shattered company

To advertise here,contact us