പിന്നിൽ വലിയ റാക്കറ്റ്, ഉദ്യോഗസ്ഥർക്കും പങ്ക്; ചോദ്യപേപ്പർ ചോർച്ചയിലെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് റിപ്പോർട്ടറിന്

പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയിൽ

കോഴിക്കോട്: എംഎസ് സൊല്യൂഷൻസ് വഴി എസ്എസ്എൽസി, ഹയർ സെക്കണ്ടറി ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് റിപ്പോർട്ടറിന്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും പങ്കെന്ന് സൂചനകൾ നൽകുന്നതാണ് റിപ്പോർട്ട്.

ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പറുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ഉണ്ട്. കേസിൽ വിദ്യാഭ്യാസ വകുപ്പിലെ ചില ആളുകളുമായി ചേർന്ന് ഗൂഢാലോചന നടന്നുവെന്നും പ്രതിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. നാളെ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യം പരിഗണിക്കാനിരിക്കെ പ്രതി തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട് എന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.

നാളെയാണ് യൂട്യൂബ് ചാനൽ എം എസ് സൊല്യൂഷൻസിൻ്റെ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോർട്ട് രണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ അപേക്ഷ പരിഗണിക്കുന്നതിനിടയിൽ ഗൂഢാലോചന കുറ്റം ചുമത്തിയതുമായി ബന്ധപ്പെട്ട് അധിക റിപ്പോർട്ട് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.

Also Read:

Kerala
'ഡേയ് തെറ്റായി പോയി', എക്‌സൈസ് കുട്ടികളെ ഉപദേശിക്കണമായിരുന്നു; ന്യായീകരിച്ച് സജി ചെറിയാന്‍

ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി തുടങ്ങി ഷുഹൈബിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ക്രൈംബ്രാഞ്ച് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഷുഹൈബും രണ്ട് അധ്യാപകരും ഇതുവരെ ഹാജരാകാൻ തയ്യാറായിട്ടില്ല.

പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് എം എസ് സൊല്യൂഷൻസിലൂടെ ചോർന്നത്. പതിനായിരത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടിരുന്നു. പരീക്ഷയുടെ ചോദ്യങ്ങൾ അതേപടിയായിരുന്നു യൂട്യൂബ് ചാനലിൽ വന്നത്. തുടർന്ന് എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Content Highlights: Crimebranch report on MS Solutions question paper leak

To advertise here,contact us