പുകവലി നല്ല ശീലമല്ല, സജി ചെറിയാൻ എന്താണ് പറഞ്ഞതെന്നത് അറിയില്ല; എം ബി രാജേഷ്

'പുകവലി തടയാനുളള ശ്രമങ്ങളാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്'

തിരുവനന്തപുരം: പുകവലിയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞതിനെ കുറിച്ച് അറിവില്ലെന്ന് മന്ത്രി എം ബി രാജേഷ്. പുകവലി നല്ല ശീലമല്ല. കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്നും, അങ്ങനെ ചെയ്യുന്നത് തടയണമെന്നും എം ബി രാജേഷ് പറഞ്ഞു. മദ്യപാനവും പുകവലിയുമെല്ലാം ​ദുശീലമാണ്. അത് തടയാനാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനായുളള ബോധവൽക്കരണ പ്രവർത്തികളും എക്സൈസ് വകുപ്പ് കൈക്കൊള്ളുന്നുണ്ടെന്നും എം ബി രാജേഷ് പ്രതികരിച്ചു.

കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നായിരുന്നു സജി ചെറിയാന്റെ എക്‌സൈസിനെതിരെയുളള പരിഹാസം. കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതിലായിരുന്നു മന്ത്രി സജി ചെറിയാന്‍റെ പ്രതികരണം. പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാൻ്റെ പരാമർശം. പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്‌തെങ്കില്‍ തെറ്റാണ്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Also Read:

Kerala
പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ഞാനും പുകവലിക്കുന്നയാളാണ്: പ്രതിഭയെ വേദിയിലിരുത്തി സജി ചെറിയാന്‍

'പ്രതിഭ എംഎല്‍എയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്‌ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല. പണ്ട് ജയിലില്‍ കിടക്കുമ്പോള്‍ പഠിച്ചതാ. എം ടി വാസുദേവന്‍ നായര്‍ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്', എന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം.

പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചിരുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. ഈ ഇരിക്കുന്നവന്മാര്‍ ചെയ്ത കാര്യങ്ങള്‍ കൂട്ടിവെച്ചാല്‍ പുസ്തകം എഴുതാം. കുട്ടികള്‍ കമ്പനിയടിക്കും. വര്‍ത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും അതിനെന്താ. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. പ്രതിഭ എംഎല്‍എയുടെ മകന്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നു. അതിന് പ്രതിഭ എംഎല്‍എ എന്തു ചെയ്തുവെന്നും സജി ചെറിയാന്‍ ചോദിച്ചു.

Also Read:

Kerala
'കേരളത്തിലെ സിപിഐഎമ്മിന്റെ നരനായാട്ട് യാദൃശ്ചികമായ സംഭവമല്ല'; കെ എം ഷാജി

Content Highlights: M B Rajesh Response to the Controversial Speech of Promoting Smoking Saji Cherian

To advertise here,contact us