പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ഞാനും പുകവലിക്കുന്നയാളാണ്: പ്രതിഭയെ വേദിയിലിരുത്തി സജി ചെറിയാന്‍

ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍

ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതില്‍ എക്‌സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സജി ചെറിയാന്‍ ചോദിച്ചു. പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാൻ്റെ പരാമർശം. പുകവലിക്കുന്നത് മഹാ അപരാധമാണോ? ചെയ്‌തെങ്കില്‍ തെറ്റാണ്. ജയിലില്‍ കിടന്നപ്പോള്‍ താനും പുകവലിക്കുമായിരുന്നു. ദിവസവും ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായര്‍ എന്നും സജി ചെറിയാന്‍ പറഞ്ഞു.

'പ്രതിഭ എംഎല്‍എയുടെ മകന്‍ പോളിടെക്‌നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്‌ഐആര്‍ ഞാന്‍ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാന്‍ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാന്‍ പേടിയൊന്നുമില്ല. പണ്ട് ജയിലില്‍ കിടക്കുമ്പോള്‍ പഠിച്ചതാ. എം ടി വാസുദേവന്‍ നായര്‍ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്', എന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം.

പുക വലിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് എന്തിനാണ് ഇടുന്നതെന്നും സജി ചെറിയാന്‍ ചോദിച്ചു. നമ്മുടെ കുഞ്ഞുങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരുന്നു. ഈ ഇരിക്കുന്നവന്മാര്‍ ചെയ്ത കാര്യങ്ങള്‍ കൂട്ടിവെച്ചാല്‍ പുസ്തകം എഴുതാം. കുട്ടികള്‍ കമ്പനിയടിക്കും. വര്‍ത്തമാനം പറയും. ഇടയ്ക്ക് ഒരു പുകവലിക്കും അതിനെന്താ. ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ്. മഹാ അപരാദമാണെന്ന് പറയരുത്. പ്രതിഭ എംഎല്‍എയുടെ മകന്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനിന്നു. അതിന് പ്രതിഭ എംഎല്‍എ എന്തു ചെയ്തുവെന്നും സജി ചെറിയാന്‍ ചോദിച്ചു.

Also Read:

Kerala
പി വി അൻവർ യുഡിഎഫിലേക്ക്? കോൺഗ്രസുമായി ധാരണയായെന്ന് സൂചന; എൽഡിഎഫിലെ മൂന്ന് എംഎൽഎമാരുമായി ചർച്ച നടത്തി

പ്രതിഭ എംഎല്‍എയെ ബിജെപിയിലേക്ക് ക്ഷണിച്ച ബിപിന്‍ സി ബാബുവിനേയും മന്ത്രി പരിഹസിച്ചു. ഇങ്ങ് പോരൂ ചേട്ടത്തീയെന്നാണ് ഒരു മഹാന്‍ പറഞ്ഞത്. എംഎല്‍എയായശേഷം ഒരു ദിവസം പോലും അദ്ദേഹം പ്രതിഭയെ മനസമാധാനത്തോടെ കിടത്തി ഉറക്കിയിട്ടില്ല. എന്തൊരു സ്‌നേഹമാണെന്ന് അറിയോ. കായംകുളത്തെ എംഎല്‍എ എന്ന നിലയില്‍ യു പ്രതിഭയെ ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. കേരളത്തിലെ എംഎല്‍എമാരില്‍ നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കുന്ന സാമര്‍ഥ്യമുള്ള എംഎല്‍എയാണ് പ്രതിഭയെന്നും സജി ചെറിയാന്‍ പറഞ്ഞു.

Content Highlights: Saji Cheriyan mocks Excise in u prathibha mla son case

To advertise here,contact us