പെൺകുട്ടി ഗോവയിൽ; വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി

ഇക്കഴിഞ്ഞ 30നാണ് വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ കാണാതായത്

പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കുട്ടി നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി പൊലീസാണ് രേഖാ ചിത്രം പുറത്തുവിട്ടത്.

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിർണായക വിവരങ്ങൾ പൊലീസിന് നൽകിയത്. ഇവർ നൽകിയ വിവരപ്രകാരമാണ് പൊലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്. ഇയാൾ ആരാണ് എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഇക്കഴിഞ്ഞ 30-നാണ് വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷൻ സെൻ്ററിലേക്ക് ഇറങ്ങിയതായിരുന്നു ഷഹാന. ഒൻപത് മണിക്ക് ക്ലാസ് കഴിഞ്ഞിരുന്നു. ശേഷം കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു. കൂട്ടുകാർക്ക് മുന്നി‍ൽ നിന്ന് തന്നെയായിരുന്നു വസ്ത്രം മാറിയതും. സ്കൂളിൽ എത്താതായതോടെ സ്കൂൾ അധികൃതർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.

Content Highlights: Missing 15-year-old girl from Vallapuzha found in Goa

To advertise here,contact us