ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്സിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എവി ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കി കൊണ്ടായിരുന്നു വിമര്‍ശനം

കൊച്ചി: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എഴുത്തുകാരൻ്റെ അനുമതിയില്ലാതെയല്ലെ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും ഹൈക്കോടതി ചോദിച്ചു. ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എവി ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കി കൊണ്ടായിരുന്നു വിമര്‍ശനം.

എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരനെ അപമാനിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈക്കോടതി പറഞ്ഞു. പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡിസി ബുക്സിന്റെ നടപടി ശരിയാണോ? ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്നില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്തതെന്തിന്? പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാതെ എങ്ങനെ പുസ്തകം പുറത്തുവിടാനാകും? എഴുത്തുകാരനെ അപമാനിച്ചുവെന്നത് വസ്തുതയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Also Read:

National
കര്‍ണ്ണാടകയില്‍ രണ്ട് കുട്ടികൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു; ഇരുവര്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല

എഴുത്തുകാരന്റെ അനുമതിയില്ലാതെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത്. ഡിസി ബുക്സിനും എഡിറ്റോറിയല്‍ കമ്മിറ്റിക്കും പിഴവ് പറ്റിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അക്കാര്യം സമ്മതിക്കണമെന്ന് ഡിസി ബുക്സിന്റെ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു.പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത് ശരിയായില്ലെന്ന് ഡിസി ബുക്സിന്റെ അഭിഭാഷകന്‍ സമ്മതിച്ചു. വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരെ എങ്ങനെ തെറ്റ് പറയാനാകുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.

Content Highlights: E P Jayarajan autobiography Controversy High Court's severe criticism against DC Books

To advertise here,contact us