എൻ എം വിജയൻ്റെ മരണം: അന്വേഷണത്തിന് കെപിസിസി, സമിതിയെ നിയോഗിച്ചു

വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും വിജയൻ കുറിച്ചിരുന്നു

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ച് കെപിസിസി. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ മുന്‍ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവർക്കാണ് അന്വേഷണ ചുമതലലയെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നിര്‍ദേശപ്രകാരമാണ് അന്വേഷണം.

വയനാട് ഡിസിസി പ്രസിഡന്റ് എൻഎം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നതോടെയാണ് പാർട്ടി പ്രതിസന്ധിയിലായത്. എംഎൽഎ ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിട്ടുണ്ട്. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്ന് കത്തിൽ പറയുന്നുണ്ട്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു.

Also Read:

Kerala
'ജി സുധാകരൻ അഴിമതിയില്ലാത്ത നേതാവ്; സിപിഐഎം അദ്ദേഹത്തെ കറിവേപ്പിലയാക്കി'; പുകഴ്ത്തി കെ സുരേന്ദ്രൻ

സാമ്പത്തിക പ്രശ്നങ്ങൾ അച്ഛൻ നേരിട്ടിരുന്നതായി സംശയം തോന്നിയിരുന്നു. എന്നാൽ അച്ഛൻ തങ്ങളോട് വിശദമായി ഒന്നും സംസാരിച്ചിട്ടില്ലെന്ന് എൻഎം വിജയൻ്റെ കുടുംബം റിപ്പോർട്ടറിനോട് പ്രതികരിച്ചു. കാര്യം എന്താണെന്ന് ചോദിച്ചാലും എല്ലാം ശരിയാകും എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ഡിസിസി ട്രഷറർ മരിച്ചിട്ട് ഒരു കോൺ​ഗ്രസ് നേതാവ് പോലും തങ്ങളെ വിളിക്കുകയോ ആശ്വാസവാക്ക് പറയുകയോ ചെയ്തിട്ടില്ലെന്നും മകൻ വിജേഷ് പറഞ്ഞു. പുറത്ത് മറ്റ് വലിയ പ്രശ്നങ്ങൾ നടക്കുമ്പോഴും കുടുംബ പ്രശ്നമായി മാത്രം ചുരുക്കാനായിരുന്നു പാർട്ടിയുടെ നീക്കം. കത്ത് ആദ്യം നാല് പേർക്ക് അയക്കണമെന്നും അവരിൽ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രമാണ് കത്ത് പൊലീസുകാർക്ക് പോലും നൽകേണ്ടതുള്ളൂവെന്നുമായിരുന്നു അച്ഛൻ പറഞ്ഞതെന്നും മരുമകളായ പത്മജ പ്രതികരിച്ചു.

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയനേയും മകൻ ജിജേഷിനേയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു.

Content Highlight: NM Vijayan's death: KPCC to conduct investigation

To advertise here,contact us