ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്; പി വി അന്‍വറിന് ജാമ്യം

അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് ഉപാധികളോടെ അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി.

അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യത്തില്‍ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. ജാമ്യ നടപടികൾ പൂർത്തിയായാൽ അൻവർ ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങും.

Also Read:

Kerala
'ഏത് അന്വേഷണവും നേരിടാൻ തയ്യാർ; തെറ്റുകാരനാണെങ്കിൽ എന്നെ ശിക്ഷിക്കട്ടെ'; പ്രതികരിച്ച് ഐ സി ബാലകൃഷ്ണൻ

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നില്‍ ഭരണകൂട ഭീകരതയെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. അന്‍വറിന്റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു.

നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 121 (ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പിക്കുക-ജാമ്യമില്ലാക്കുറ്റം), 132 (ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക- ജാമ്യമില്ലാക്കുറ്റം), 189 (2) (അന്യായമായി സംഘം ചേരല്‍-ജാമ്യം ലഭിക്കാവുന്ന കുറ്റം), 190 (പൊതു ഉദ്ദേശത്തിനായി സംഘം ചേരുക), 191 (2) (കലാപം-ജാമ്യം ലഭിക്കാവുന്ന കുറ്റം), 329(3) (അതിക്രമിച്ച് കടക്കുക- ജാമ്യം ലഭിക്കാവുന്ന കുറ്റം), 332 (സി) (കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കുക-ജാമ്യം ലഭിക്കാവുന്ന കുറ്റം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമത്തിന്റെ 3 (1) വകുപ്പ് അനുസരിച്ച് ജാമ്യമില്ലാക്കുറ്റവും അന്‍വറിനെതിരെ ചുമത്തിയിരുന്നു. അന്‍വറിന് പുറമേ പത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിരുന്നു.

Content Highlights- P V Anvar mla get bail on forest office attack case

To advertise here,contact us