ഇപി ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതിയാണ് എവി ശ്രീകുമാര്‍

തിരുവനന്തപുരം: സിപിഐഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥാ കേസില്‍ ഡിസി ബുക്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ വി ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയിലും കോട്ടയം ഈസ്റ്റ് പൊലീസ് ഇന്ന് മറുപടി നല്‍കും. എ വി ശ്രീകുമാറിന്റെ അറസ്റ്റും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലും അനിവാര്യമാണെന്നാണ് പൊലീസിന്റെ നിലപാട്. കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതിയാണ് എവി ശ്രീകുമാര്‍.

താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ചെയ്തതെല്ലാം ജോലി സംബന്ധമായ കാര്യങ്ങളാണ്. പ്രസിദ്ധീകരണത്തിനായി ലഭിക്കുന്ന പുസ്തകങ്ങള്‍ പരിശോധിക്കുക മാത്രമാണ് തന്റെ ചുമതല. ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആണ് പുസ്തകത്തിന്റെ ഭാഗങ്ങള്‍ തനിക്ക് നല്‍കിയത്. നിര്‍വ്വഹിച്ചത് എഡിറ്റോറിയല്‍ ഡ്യൂട്ടി മാത്രമാണ്. ലഭിച്ചത് പ്രസിദ്ധീകരണത്തിനായി നല്‍കുക മാത്രമാണ് ചെയ്തതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എ വി ശ്രീകുമാർ പറയുന്നു. എവി ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ബിഎന്‍എസ് നിയമം അനുസരിച്ച് വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയത്.

Also Read:

Kerala
പി വി അന്‍വര്‍ ജയിലില്‍

ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി സി ബുക്‌സിൽ അച്ചടക്ക നടപടിയെടുത്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ നടപടികളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തിരുന്നു. കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ ഇ പി ജയരാജൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ആത്മകഥയുടേതെന്ന പേരിൽ കവർചിത്രവും ഡിസി ബുക്സ് പുറത്ത് വിട്ടിരുന്നു.

ഇതിന് പിന്നാലെ സിപിഐഎമ്മിനും രണ്ടാം പിണറായി സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉൾക്കൊള്ളുന്ന ഉള്ളടക്കം പുസ്തകത്തിൻ്റേതെന്ന പേരിൽ പുറത്ത് വന്നിരുന്നു. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദമാണ് ഇ പി ജയരാജൻ പുസ്തകത്തിൽ ഉയർത്തിയതെന്നും പുസ്തകത്തിൻ്റേതായി പുറത്ത് വന്ന വിവരങ്ങളിൽ വ്യക്തമായിരുന്നു. ഇത് കൂടാതെ പി സരിനെതിരെയും ജയരാജൻ ആത്മകഥയിൽ പറയുന്നതായി പുറത്ത് വന്ന പിഡിഎഫിലുണ്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്ത് വന്ന ഈ വാർത്ത ആസൂത്രിത ഗൂഢാലോചന ആണെന്നായിരുന്നു ജയരാജൻ്റെ ആരോപണം.

Content Highlights: Today the High Court will hear DC Books' anticipatory bail plea in EP Jayarajan's autobiography case

To advertise here,contact us