വി ഡി സതീശൻ കത്ത് വായിച്ചു, സുധാകരന് കൈമാറി ഉള്ളടക്കം പറഞ്ഞു; എംഎൻ വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് കുടുംബം

'കത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്ന് കെ സുധാകരൻ പറഞ്ഞത് കള്ളം'

കൊച്ചി: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറ‍ർ എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് കോൺ​ഗ്രസ് നേതൃത്വം അവ​ഗണിച്ചുവെന്ന് കുടുംബം. കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കത്ത് കാണിച്ചിരുന്നുവെങ്കിലും വേണ്ട പരിഗണന നൽകിയില്ലെന്നാണ് കുടുംബം റിപ്പോ‍ർട്ടറിനോട് പറഞ്ഞത്. റിപ്പോ‍ർ‌ട്ടറിൻ്റെ മോർണിം​ഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കുകയായിരുന്നു എൻ എം വിജയൻ്റെ മകൻ വിജേഷും ഭാര്യ പത്മജയും. ഐ സി ബാലകൃഷ്ണൻ എംഎൽഎയെ സഞ്ചയന ദിവസം വീട്ടിൽ പോയി കണ്ട് കത്ത് വായിച്ച് കേൾപ്പിച്ചുവെന്നും കുടുംബം വെളിപ്പെടുത്തി. രണ്ടാം തീയതി ഡിസിസി പ്രസിഡ‍ൻ്റ് എൻ ഡി അപ്പച്ചനെയും കണ്ടിരുന്നു.

പറവൂരിൽ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പോയി നേരിൽ കണ്ട് എൻ എം വിജയൻ്റെ ആത്മഹത്യക്കുറിപ്പ് കൈമാറിയെന്നാണ് കുടുംബം പറയുന്നത്. ജനുവരി മൂന്നാം തീയതിയാണ് കുടുംബം പറവൂരിലെത്തി വിഡി സതീശനെ കണ്ടത്. പ്രതിപക്ഷ നേതാവ് കത്ത് തുറന്ന് നോക്കി വായിച്ചെങ്കിലും ഒരു പരിഗണനയും നൽകിയില്ല എന്നാണ് എൻ എം വിജയൻ്റെ കുടുംബം പറയുന്നത്. കത്തിൽ പറഞ്ഞിരിക്കുന്നത് വ്യക്തികളാണ്, പാർട്ടിക്ക് ബന്ധമില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞതെന്നും ഇവ‍ർ വെളിപ്പെടുത്തി. നമുക്ക് നോക്കാം എന്നും വി ഡി സതീശൻ പറഞ്ഞതായും കുടുംബം കൂട്ടിച്ചേർത്തു.

Also Read:

Kerala
അന്‍വറിനെ ചേര്‍ത്തുനിര്‍ത്താന്‍ കെ സുധാകരനും ചെന്നിത്തലയും; സതീശന്റെ നിലപാട് നിര്‍ണായകം

പറവൂരിലെത്തി പ്രതിപക്ഷ നേതാവിനെ കണ്ടതിൻ്റെ പിറ്റേന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ വീട്ടിലെത്തി കണ്ടെന്നും എൻ എം വിജയൻ്റെ കുടുംബം വെളിപ്പെടുത്തി. കെ സുധാകരൻ അസുഖമായി കിടക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷം നേരിട്ട് കണ്ട് കത്ത് കൊടുത്തു. കെ സുധാകരൻ കത്ത് തുറന്ന് നോക്കി. പേജ് കൂടുതലായതിനാൽ ചോദിച്ചു മനസിലാക്കുകയും ചെയ്തു. കത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്ന് കെ സുധാകരൻ പറഞ്ഞത് കള്ളമെന്നും കുടുംബം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള കത്ത് നൽകിയിട്ടില്ലെന്നും എല്ലാവർക്കുമുള്ള കണ്ടന്റ് ഒന്നായിരുന്നുവെന്നും കുടുംബം കൂട്ടിച്ചേർത്തു.

എൻ എം വിജയൻ്റെ ആത്മഹത്യ കുടുംബ പ്രശ്നമാക്കി മാറ്റാൻ ഗൂഢാലോചന നടക്കുന്നുണ്ടന്നും കുടുംബം ആരോപിച്ചു. ബന്ധുക്കളെ ഉപയോഗിച്ച് രണ്ട് പ്രമുഖ നേതാക്കൾ എൻഎം വിജയൻ്റെ ആത്മഹത്യ കുടുംബ പ്രശ്നമാക്കി മാറ്റാൻ ശ്രമം നടത്തിയെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവർ വ്യക്തമാക്കി. മരിച്ച ദിവസം വീട്ടിൽ വന്ന ശേഷമാണ് കത്ത് കണ്ടതെന്നും കുടുംബം പറഞ്ഞു.

Also Read:

Kerala
കിരീട പോരാട്ടത്തിൽ കണ്ണൂർ മുന്നിൽ; പിന്നാലെ ഒപ്പത്തിനൊപ്പം പിടിച്ച് കോഴിക്കോടും തൃശ്ശൂരും

മകൻ വിജേഷിന് എഴുതിയ കത്തിലായിരുന്നു മറ്റ് കത്തുകളെക്കുറിച്ച് പറഞ്ഞത്. ഈ കത്തിൽ എൻഎം വിജയൻ ആവശ്യപ്പെട്ടത് പ്രകാരമുള്ള കാര്യങ്ങളാണ് പിന്നീട് ചെയ്തതെന്നും പാർട്ടിയെ കരിവാരിതേയ്ക്കാൻ അച്ഛൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

എൻ എം വിജയന് ഇത്രയും വലിയ ബാധ്യതയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പാർട്ടി കാര്യങ്ങൾ വീട്ടിൽ പറയാറുണ്ടായിരുന്നില്ലെന്നും കത്ത് പുറത്ത് വിടാൻ തീരുമാനിച്ചത് ഇന്നലെയായിരുന്നെന്നും കുടുംബം പറഞ്ഞു. കത്ത് പുറത്ത് വിടാൻ പേടിയായിരുന്നു. സാമ്പത്തിക പ്രശ്നമുള്ള സമയത്ത് മോൻ പേടിക്കേണ്ട, എല്ലാം റെഡിയാകും എന്നായിരുന്നു അച്ഛൻ പറഞ്ഞതെന്ന് പറഞ്ഞ വിജേഷ് അവസാന ദിവസങ്ങളിൽ എൻ എം വിജയൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും പറഞ്ഞു.

Content Highlights: Wayanad dcc treasurer NM Vijayan's family Against congress leadership

To advertise here,contact us