'തെറ്റ് ചെയ്തിട്ടില്ല, ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ'; ബോബി ചെമ്മണ്ണൂർ

ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതിയിൽ ഹാജരാക്കുക

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീണ്ടും ആവർത്തിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുൻപുണ്ടായ കാര്യങ്ങളിൽ ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബൊച്ചെയുടെ മൊഴി.

ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതിയിൽ ഹാജരാക്കുക. ഇതിന്റെ ഭാ​ഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വീണ്ടും വൈദ്യപരിശോധന നടത്തി. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ വൈദ്യ പരിശോധനയ്ക്ക് എത്തിയത്.തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവർത്തിച്ച ബോബി ചെമ്മണ്ണൂർ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Also Read:

Kerala
യാത്രക്കാർക്ക് സമ്മാനം, വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോഗികൾ വർധിപ്പിച്ചു; നാളെ സർവീസ് ആരംഭിക്കും

എറണാകുളം ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. ഇന്നലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രാത്രി ഏഴുമണിയോടെയാണ് സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചത്. സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ്‌ ബസുമതാരിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കം ലോക്കൽ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല.

ഹണി റോസ് പരാതി നൽകിയതിന് പിന്നാലെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ഹണി റോസിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

Content Highlights: Boby Chemmannur not feeling guilty of sexual remarks

To advertise here,contact us