ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡിൽ

ബോബിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണു.

ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിങ് തന്ത്രം മാത്രമായിരു. അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ല. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങൾ നൽകാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോൾ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.

മഹാഭാരതത്തിലെ കുന്തി ദേവിയോടാണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലക്കെടുത്തില്ല. മഹാഭാരതത്തിൽ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നു താൻ ഉദ്ദേശിച്ചതെന്നും ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചു. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻ പരിപാടിക്ക് വേണ്ടിയാണ് ഹൈലി പെയ്ഡ് ഗസ്റ്റിനെ വിളിച്ചത്. താൻ നടിയെ കയറി പിടിച്ചിട്ടില്ല. ഹണി റോസിന്റെ സമ്മതത്താടെയാണ് ശരീരത്തിൽ സ്പർശിച്ചത്. പരിപാടി കഴിഞ്ഞപ്പോൾ നടി തന്നെ അഭിനന്ദിച്ചു എന്നും കോടതിയിൽ പ്രതിഭാഗം പറഞ്ഞു. നടി തന്നെ അവരുടെ ഫേസ്ബുക്കിൽ തന്നോടൊപ്പമുള്ള ഉദ്ഘാടന ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും കോടതിയിൽ ഹാജരാക്കി. നടിയുടെ പരാതിയിൽ ദുരുദ്ദേശമുണ്ടെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ഒരുപാട് പേർക്ക് ജോലി നൽകുന്ന തന്റെ കക്ഷി 30 മണിക്കൂറിലേറെയായി പൊലീസ് കസ്റ്റഡിയിലാണെന്ന് അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ പറഞ്ഞു. ജാമ്യം നൽകിയാൽ കേസിനെ ബാധിക്കില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയിൽ ഉറപ്പ് നൽകി.

Also Read:

Kerala
'ബോബി ചെമ്മണ്ണൂർ പരമനാറി, കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി'; രൂക്ഷവിമർശനവുമായി ജി സുധാകരൻ

കൂടുതൽ ഡിജിറ്റൽ തെളിവുകളും, ഹണി റോസിന്റെ രഹസ്യമൊഴിയുടെ പകർപ്പും, നിർണായക തെളിവുകളും നിരത്തിയായിരുന്നു കോടതിയിൽ ബോബി ചെമ്മണ്ണൂരിനെ അന്വേഷണ സംഘം പ്രതിരോധിച്ചത്. മൊബൈൽ ഫോൺ അടക്കം കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കി. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിർബന്ധമില്ലെന്നും ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും കോടതിയിൽ അന്വേഷണ സംഘം വ്യക്തമാക്കി. ഒരു സ്ത്രീയ്ക്ക് എതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയെന്നും, അവരുടെ ജോലിയെ പോലും അപമാനിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 'മാലയുടെ പിൻവശം കാണൂ എന്ന് പറഞ്ഞത് ദ്വായർത്ഥ പ്രയോഗമാണ്' അത്തരമൊരു പരാമർശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. നിരവധി തവണ ആ വീഡിയോ മോശം രീതിയിൽ പ്രചരിച്ചു. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിലും ബോബി അശ്ലീലച്ചുവയോടെ നടിക്ക് എതിരെ പരാമർശം നടത്തി എന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചത് തെറ്റാണെന്നും കോടതിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും പ്രോസീക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ വാദങ്ങൾ പരിഗണിച്ചാണ് ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചത്.

Content highlights: Sexual assault case, No bail for bobby chemmannur

To advertise here,contact us