അദ്ദേഹത്തിന് മരണമില്ല, ​ഗാനങ്ങളിലൂടെ എന്നും ഓർമിക്കപ്പെടും; പി ജയചന്ദ്രനെ അനുസ്മരിച്ച് റിമി ടോമി

'എല്ലാ മലയാളികൾക്കും താങ്ങാനാവാത്ത വിഷമം തന്നെയായിരിക്കും അദ്ദേഹത്തിന്റെ വിയോ​ഗം'

തിരുവനന്തപുരം: പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ​ഗായിക റിമി ടോമി. ദൈവതുല്യനായി കാണുന്ന വ്യക്തിയാണ് അദ്ദേഹം. അസുഖ സംബന്ധമായി ചികിത്സയിലായിരുന്നെന്ന് അറി‍ഞ്ഞിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയിരുന്നതല്ല. എല്ലാ മലയാളികൾക്കും താങ്ങാനാവാത്ത വിഷമം തന്നെയായിരിക്കും അദ്ദേഹത്തിന്റെ വിയോ​ഗം. അദ്ദേഹം ഒരിക്കലും മരിക്കുന്നില്ല. എത്ര തലമുറ കഴി‍ഞ്ഞാലും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ നമ്മൾ അദ്ദേഹത്തെ ഓർത്തു കൊണ്ടിരിക്കുമെന്ന് റിമി ടോമി പറഞ്ഞു.

ഇന്ന് വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

Also Read:

Kerala
നികത്താനാവാത്ത നഷ്ടം; പി ജയചന്ദ്രനെ അനുസ്മരിച്ച് മധു ബാലകൃഷ്ണൻ

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി. 1966 ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേ വര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. 1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.

Content Highlights: Singer Rimi Tomy Response to P Jayachandran's Death

To advertise here,contact us