വയനാട് ഡിസിസിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും, വിട്ടുവീഴ്ച ചെയ്യില്ല: വി ഡി സതീശന്‍

കെഎഫ്സി നിക്ഷേപ വിവാദം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് ഡിസിസിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കോൺ​ഗ്രസ് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുടുംബത്തിന്റെ പരാതിയിലാണ് പാർട്ടി അന്വേഷണം നടക്കുന്നത്. സത്യസന്ധവും നീതിപൂർവ്വവുമായ നടപടികൾ മാത്രമാണ് പാർട്ടി സ്വീകരിക്കുക എന്നും പ്രതിപക്ഷ നേതാവ്. ഒരു വിട്ടുവീഴ്ചയും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും വി ഡി സതീശൻ ഉറപ്പ് നൽകി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പാർട്ടി അന്വേഷണ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ നടപടിയെന്നും വിഡി സതീശൻ പറഞ്ഞു.

കെഎഫ്സി നിക്ഷേപ വിവാദം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 50,000 കോടി കടബാധ്യതയുള്ള കമ്പനിയിൽ പണം നിക്ഷേപിച്ചതിലൂടെ സംസ്ഥാനത്തിന് 103 കോടി രൂപയുടെ നഷ്ടമുണ്ടായി. ധനകാര്യ മന്ത്രിയും മുൻ ധനകാര്യ മന്ത്രിയും ഇക്കാര്യത്തിൽ മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെങ്കിൽ അതിൻറെ ഉത്തരവാദിത്വം പാർട്ടിക്കാണ്. പെരിയയിലെ പ്രതികൾക്ക് സ്വീകരണം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഐഎം നൽകുന്നത് എന്നും വി ഡി സതീശൻ ചോദിച്ചു. പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശന കാര്യത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ല. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകും. തീരുമാനമെടുക്കാൻ യുഡിഎഫിൽ ശക്തരായ നേതാക്കളുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Also Read:

Kerala
'ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം രാഹുൽ ഈശ്വറിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല'; ഹണി റോസ്

Content Highlights: Wayanad DCC Conflict, Strict action will be taken; V D Satheesan

To advertise here,contact us