കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് കോടതി

ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആണ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

വയനാട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം. പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കേസ് ഡയറി ഈമാസം 15ന് ഹാജരാക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആണ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

ഐ സി ബാലകൃഷ്ണനും, എന്‍ ഡി അപ്പച്ചനും രഹസ്യകേന്ദ്രത്തിലേക്ക് മാറിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നില്‍ക്കാനാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.

പ്രധാന പ്രതികളായ മൂന്ന് നേതാക്കളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റിന് ശ്രമിക്കില്ലെന്ന് പൊലീസും അറിയിച്ചിരുന്നു. ഡിസിസി പ്രസിഡന്റും എംഎല്‍എയും ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ആത്മഹത്യാപ്രേരണ കേസില്‍ പ്രതികളായതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ്.

Content Highlight: Court stops arrest of Congress leaders in NM Vijayan's suicide

To advertise here,contact us