പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്

എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി

തിരുവന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ‌ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകുക. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം സ്ഥിരീകരിച്ചു കൊണ്ട് പി വി അന്‍വര്‍ പറഞ്ഞത്.

നേരത്തെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്. തൃണമൂൽ കോൺ​ഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്. മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരമാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് സൂചന.

Also Read:

Kerala
എറണാകുളം-അങ്കമാലി അതിരൂപതയിലെ സംഘർഷത്തിന് താൽക്കാലിക പരിഹാരം; വൈദികർ പ്രാർത്ഥനാ യജ്ഞം അവസാനിപ്പിച്ചു

നിലവിൽ സിപിഐഎം സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്നും വിജയിച്ചത്. തുടർച്ചയായി രണ്ട് തവണ നിലമ്പൂരിൽ നിന്നും വിജയിച്ച അൻവർ ആര്യാടൻ മുഹമ്മദിൻ്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂരിനെ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയായിരുന്നു. രാജിവെച്ചാൽ അൻവർ വീണ്ടും നിലമ്പൂരിൽ നിന്നും മത്സരിക്കുമോ, തൃണമൂൽ സ്ഥാനാർത്ഥിയായി അൻവർ മത്സരിച്ചാൽ യുഡിഎഫ് പിന്തുണയ്ക്കുമോ തുടങ്ങിയ ചോദ്യങ്ങൾ ഇതിനകം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്നു കഴിഞ്ഞു. മലപ്പുറം ജില്ലയിൽ കോൺ​ഗ്രസിൻ്റെ പരമ്പരാ​ഗത ശക്തികേന്ദ്രമായ നിലമ്പൂർ തൃണമൂൽ കോൺ​ഗ്രസിന് വിട്ടുനൽകാനുള്ള നീക്കം ജില്ലയിലെ കോൺ​ഗ്രസ് നേതാക്കൾ അനുകൂലിക്കാൻ സാധ്യതയില്ല. എന്തുതന്നെയായാലും ആകാംക്ഷ നിറഞ്ഞ രാഷ്ട്രീയ കരുനീക്കങ്ങൾക്കാണ് അൻവർ വീണ്ടും ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് അൻവർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി കൈകോർത്തത്. പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെ അൻവറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂൽ കോൺഗ്രസുമായുള്ള കെെകോർക്കൽ.

Content Highlights: P V Anvar has resigned from his MLA position in Nilambur

To advertise here,contact us