ജയിലില്‍ 'ബോബി ഷോ'; പുറത്തിറങ്ങാൻ വിസമ്മതിച്ച് ബോബി ചെമ്മണ്ണൂര്‍

സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നാടകീയ രംഗങ്ങള്‍. ബോണ്ട് ഒപ്പിടാന്‍ വിസമ്മതിച്ച ബോബി ചെമ്മണ്ണൂര്‍ ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചു.

സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. അവര്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കിയ ശേഷമേ താന്‍ പുറത്തിറങ്ങു എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. പിന്നാലെ ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാന്‍ എത്തിയവര്‍ മടങ്ങിപ്പോയി.

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ രൂക്ഷപരാമര്‍ശമാണ് ഹൈക്കോടതി നടത്തിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നായിരുന്നു ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയത്. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

Also Read:

Kerala
ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും; ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ഹൈക്കോടതി

ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂര്‍ അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് കോടതിയെ സമീപിക്കാം തുടങ്ങിയ ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Content Highlights: Boby Chemmannur rejects to sign Bond

To advertise here,contact us