ആലപ്പുഴയിൽ വൈകല്യങ്ങളോടെ ജനിച്ച കുട്ടിയെ പരിശോധിക്കാൻ വിദഗ്ധ സംഘമെത്തി; നില അതീവ ഗുരുതരം

ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ​ജോർജിൻ്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധരുടെ സംഘമെത്തിയത്

ആലപ്പുഴ: ​ഗുരുതര വൈകല്യങ്ങളോടെ ജനിച്ച ആലപ്പുഴയിലെ കുട്ടിയുടെ ആരോ​ഗ്യ നില അതീവ ​ഗുരുതരമായി തുടരുന്നു. കുട്ടിയെ പരിശോധിക്കാൻ വിദ​ഗ്ധ ​ഡോക്ടർമാരുടെ സം​ഘം ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ജനറ്റിക്സ് വിഭാ​ഗം മേധാവി ഡോ വി എച്ച് ശങ്കറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വൈകുന്നേരം കുഞ്ഞിനെ സന്ദർശിച്ചത്. ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ​ജോർജിൻ്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധരുടെ സംഘമെത്തിയത്. നിലവിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംഘം കുട്ടിയുടെ ആരോഗ്യവിവരം ച‍ർച്ച ചെയ്തു. ശ്വാസ തടസത്തെ തുടർന്നാണ് ഇന്ന് രാവിലെ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

Also Read:

Kerala
'കർഷക വിരുദ്ധ നിലപാടുള്ള ഗവൺമെൻ്റാണെന്ന് വരുത്താൻ ഗൂഢാലോചന നടന്നു'; എ കെ ശശീന്ദ്രൻ

നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിൻ്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാതിയില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Content Highlight: baby born with unusual disability is in critical condition, medical experts arrived

To advertise here,contact us