ലോറന്‍സിൻ്റെ മൃതദേഹം വൈദ്യപഠനത്തിന്: കുടുംബത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന നടപടിയല്ലേയെന്ന് സുപ്രീംകോടതി

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീ കോടതി നിരീക്ഷണം

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ. മകള്‍ ആശാ ലോറന്‍സിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കികൊണ്ടുള്ള ഹൈക്കോടതി വിധി ശരിവെച്ചത് എല്ലാവശങ്ങളും പരിഗണിച്ചാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൃതദേഹം വൈദ്യപഠനത്തിന് നല്‍കുന്നത് മരിച്ചയാളുടെയും കുടുംബത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതല്ലേയെന്നും കോടതി ചോദിച്ചു.

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വിഎന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടുനല്‍കണമെന്നാണ് ആശ ലോറന്‍സിന്റെ ആവശ്യം.

കേരള അനാട്ടമി നിയമപ്രകാരം മൃതദേഹം ഏറ്റെടുത്ത എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ തീരുമാനം ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നാലെ ഡിവിഷന്‍ ബെഞ്ചും ശരിവെക്കുകയായിരുന്നു. ജീവിച്ചിരിക്കെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്ന ആഗ്രഹം എംഎം ലോറന്‍സ് പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു മകന്‍ എംഎല്‍ സജീവന്റെ വാദം. എം എം ലോറന്‍സ് ഇക്കാര്യം അറിയിച്ചതിന് രണ്ട് സാക്ഷികളുണ്ടെന്നുമായിരുന്നു എംഎല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്. മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമാണെന്നുമായിരുന്നു നേരത്തെ ഹൈക്കോടതിയുടെ നിരീക്ഷണം.

Also Read:

Kerala
വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് ആടിനെ മേയ്ക്കാൻ പോയ വീട്ടമ്മ കൊല്ലപ്പെട്ടു

മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ മധ്യസ്ഥനായി നിയോഗിച്ചുവെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. പിന്നാലെയാണ് കേരള അനാട്ടമി നിയമ പ്രകാരം എംഎം ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളജിന്റെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചത്.

Content Highlights: MM Lawrence's dead body for medical study supreme court reject plea

To advertise here,contact us